അബൂദബിയിൽ റോഡിലെ മിനിമം വേഗപരിധി എടുത്തുകളഞ്ഞു

അബൂദബിയിൽ റോഡിലെ മിനിമം വേഗപരിധി എടുത്തു കളഞ്ഞ് അധികൃതർ. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലെ നിയമമാണ് ഗതാഗത അതോറിറ്റി ഒഴിവാക്കിയത്. വേഗം കുറഞ്ഞാൽ പിഴ ഈടാക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.

ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിനും ഹെവി ട്രക്കുകളുടെ യാത്ര സുഗമമാക്കുന്നതിനുമാണ് കുറഞ്ഞ വേഗപരിധി നിയമം ഒഴിവാക്കുന്നതെന്ന് അബൂദബി റോഡ് ഗതാഗത അതോറിറ്റിയായ അബൂദബി മൊബിലിറ്റി അറിയിച്ചു. യുഎഇയിലെ എല്ലാ എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന പ്രധാനപാതയായ ഇ311 അഥവാ, ശൈഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലെ വേഗപരിധിയാണ് എടുത്തുകളഞ്ഞത്.

അതിവേഗപാതയിലെ ആദ്യത്തെ രണ്ട് ട്രാക്കുകളിൽ മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിലെങ്കിലും വാഹനമോടിക്കണമെന്നായിരുന്നു ചട്ടം. 140 കിലോമീറ്ററാണ് പരമാവധി വേഗം. ഹെവി വാഹനങ്ങൾ ഉപയോഗിച്ചിരുന്ന മൂന്ന്, നാല് ലൈനുകൾക്ക് വേഗനിയമം ബാധകമല്ല.

വേഗം കുറഞ്ഞാൽ 400 ദിർഹമായിരുന്നു പിഴ. 2023 ഏപ്രിൽ മുതലാണ് അബൂദബി പൊലീസ് പുതിയ ട്രാഫിക് നിയമം അവതരിപ്പിച്ചത്. വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തിൽ രണ്ടു വർഷത്തിനു ശേഷമാണ് നിയമം എടുത്തുകളയാനുള്ള തീരുമാനമുണ്ടാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *