അബൂദബിയിൽ ഡിസ്നി തീം പാർക്ക് വരുന്നു

ഡിസ്നി ലാൻഡ് അബൂദബിയിൽ പുതിയ തീം പാർക്ക് തുറക്കുന്നു. മേഖലയിലെ ആദ്യത്തെയും ലോകത്തിലെ ഏഴാമത്തെയും ഡിസ്നി തീം പാർക്കാണ് അബൂദബിയിൽ തുറക്കുക. യാസ് ഐലൻഡിൽ നടന്ന പ്രത്യേക ചടങ്ങിലാണ് ഡിസ്നി സി.ഇ.ഒ ബോബ് ഐഗർ അബൂദബിയിലെ തീംപാർക്ക് പ്രഖ്യാപനം നടത്തിയത്.

102 വർഷത്തെ വാൾട്ട് ഡിസ്നി കമ്പനിയുടെ ചരിത്രത്തിൽ ഒട്ടേറെ നേട്ടങ്ങളും സവിശേഷ നിമിഷങ്ങളും ഉണ്ടായിട്ടുണ്ട്. അവയിലൊന്ന് 1955ൽ ഡിസ്നി ലാൻഡ് തുറന്നതാണെന്നും 70 വർഷങ്ങൾക്കു ശേഷം തങ്ങളുടെ ആറ് ഡിസ്നി തീം പാർക്കുകളിലായി 400 കോടി സന്ദർശകരെത്തിയതായും അദ്ദേഹം പറഞ്ഞു. അബൂദബിയിൽ ഡിസ്നി തീം പാർക്ക് സ്ഥാപിക്കാനുള്ള കരാറിലേർപ്പെടുന്ന മറ്റൊരു മഹാനിമിഷം പ്രഖ്യാപിക്കാനും ആഘോഷിക്കാനുമാണ് ഇവിടെ കൂടിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യാസ് ഐലൻഡിൻറെ പതിനഞ്ചാം വാർഷിക ആഘോഷവേളയിലായിരുന്നു ഡിസ്നി തീം പാർക്കിൻറെ പ്രഖ്യാപനമുണ്ടായത്. അബൂദബി സാംസ്‌കാരിക, വിനോദസഞ്ചാരവകുപ്പ് ചെയർമാൻ മുഹമ്മദ് അൽ മുബാറക് ചടങ്ങിൽ സന്നിഹിതനായിരുന്നു. പരമ്പരാഗത വാസ്തുവിദ്യയും നൂതനസാങ്കേതികവിദ്യവും സമന്വയിപ്പിച്ചാണ് പാർക്കിൻറെ നിർമാണമെന്ന് അധികൃതർ അറിയിച്ചു. സഞ്ചാരികളെ മേഖലയിലേക്ക് ആകർഷിക്കുന്നതിന് ഡിസ്നി തീം പാർക്ക് നിർണായക പങ്കുവഹിക്കുമെന്നാണ് ഏവരെയും പ്രതീക്ഷ.

യു.എസിലെ കാലിഫോർണിയ, ഫ്‌ലോറിഡ, പാരിസ്, ഹോങ്കോങ്, ഷാങ്ഹായ് എന്നിവിടങ്ങളിലാണ് ഡിസ്‌നിയുടെ മറ്റു തീം പാർക്കുകൾ പ്രവർത്തിക്കുന്നത്. അബൂദബി യാസ് ഐലൻഡിലെ വാട്ടർഫ്രണ്ടിലാണ് ഡിസ്‌നി പാർക്ക് സ്ഥാപിക്കുക. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഇന്ത്യ, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലുടനീളമുള്ള പ്രധാന ടൂറിസ്റ്റ് വിപണികളെ ബന്ധിപ്പിക്കുന്ന കവാടമായി ഇത് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത പത്ത് വർഷത്തിനിടെ പാർക്ക് നിർമാണ രംഗത്ത് 6000 കോടി ഡോളർ നിക്ഷേപമെന്ന പദ്ധതിയുടെ ഭാഗമായാണ് പുതിയ പാർക്ക് അബൂദബിയിൽ സ്ഥാപിക്കുന്നത്. അതേസമയം, എന്ന് പാർക്ക് പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *