അബൂദബിയിലെ നമ്പർ 65 റൂട്ടിലും ഹരിത ബസ്

എമിറേറ്റിൽ നമ്പർ 65 റൂട്ടിലെ ബസുകൾ ഹരിത ബസ് സർവിസ് ആക്കിയതായി അബൂദബി മൊബിലിറ്റി അറിയിച്ചു. ഹൈഡ്രജനിലോ ഇലക്ട്രിക് ഊർജത്തിലോ പ്രവർത്തിക്കുന്ന ബസുകളാവും ഈ റൂട്ടിൽ കൂടുതലായി സർവിസ് നടത്തുക. കാർബൺ പുറന്തള്ളൽ കുറക്കുകയും എമിറേറ്റിലെ നഗരഗതാഗതം സുസ്ഥിരമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി.

2030ഓടെ അബൂദബിയെ പൊതുഗതാഗ ഗ്രീൻസോൺ ആക്കി മാറ്റുകയെന്നതും അധികൃതരുടെ ലക്ഷ്യമാണ്. നഗരത്തിലെ പൊതുഗതാഗതത്തിന്റെ 50 ശതമാനവും ഹരിത ബദലുകളിലേക്കു മാറ്റുന്നതിലൂടെ പ്രതിദിനം 200 മെട്രിക് ടൺ കാർബൺ പുറന്തള്ളൽ ഇല്ലാതാക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇത് നിരത്തുകളിൽനിന്ന് 14,700 കാറുകളെ ഒഴിവാക്കുന്നതിന് തുല്യമാണ്.

മറീന മാളിൽനിന്ന് അൽ റീം ഐലൻഡുമായി ബന്ധിപ്പിക്കുന്ന ബസ് സർവിസ് നമ്പർ 65 അബൂദബിയിലെ തിരക്കേറിയ റൂട്ടുകളിലൊന്നാണ്. പ്രതിദിനം രണ്ടായിരം കിലോമീറ്ററാണ് ഈ റൂട്ടിൽ ബസുകൾ ഓടുന്ന ദൂരം. ആറായിരത്തോളം യാത്രികരും ഈ സർവിസുകളിലായി യാത്ര ചെയ്യും. ക്യാപിറ്റൽ പാർക്കിനെയും ഖലീഫ സിറ്റിയെയും ബന്ധിപ്പിക്കുന്ന റൂട്ട് 160, അബൂദബി സിറ്റിയെയും സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്ന റൂട്ട് എ2 എന്നിവയും ഗ്രീൻ ലൈൻ ബസുകളാക്കി മാറ്റുന്നതിനുള്ള ശ്രമം അധികൃതർ തുടരുകയാണ്. മറീന മാൾ, അൽ റീം ദ്വീപിലെ ശംസ് ബൂട്ടിക് എന്നിവകൾക്കിടയിലെ റൂട്ട് 65ലാണ് പുതിയ ഗ്രീൻ ബസുകൾ സർവിസ് നടത്തുന്നത്.

2023 നവംബറിൽ ആരംഭിച്ച ഗ്രീൻ ബസ് പദ്ധതിയുടെ വിലയിരുത്തൽ 2025 ജൂണിൽ സമാപിക്കും. ഇത്തരം വാഹനങ്ങളിലൂടെ ഭാവിയിൽ ഒരുലക്ഷം മെട്രിക് ടൺ കാർബൺ മാലിന്യം ഇല്ലാതാക്കാനാവുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *