അജ്മാനിൽനിന്ന് അൽ ഐനിലേക്കും തിരിച്ചും ബസ് സർവിസ് പ്രഖ്യാപിച്ച് അജ്മാൻ റോഡ് ഗതാഗത അതോറിറ്റി. മേയ് ഒന്നു മുതൽ പുതിയ സർവിസുകൾ ആരംഭിക്കും. രണ്ട് ബസ് സ്റ്റേഷനുകളിൽ നിന്നും ദിവസവും നാല് ട്രിപ്പുകൾ ഉണ്ടാകും. ഇതോടെ അജ്മാനിൽനിന്ന് അൽ ഐനിലേക്കും തിരിച്ചും നേരിട്ട് യാത്ര ചെയ്യാം. മേയ് ഒന്ന് വ്യാഴാഴ്ച മുതൽ മുസല്ല ബസ് സ്റ്റേഷനും അൽഐൻ ബസ് സ്റ്റേഷനും ഇടയിലാണ് സർവിസ് നടത്തുക.
അജ്മാനിൽനിന്ന് അൽ ഐനിലേക്കുള്ള ആദ്യ ബസ് രാവിലെ എട്ടിന് പുറപ്പെടും, തുടർന്ന് രണ്ടാമത്തേത് ഉച്ചക്ക് 12നും മൂന്നാമത്തെ ട്രിപ് വൈകീട്ട് നാലിനുമാണ്. ദിവസത്തിലെ അവസാന ട്രിപ് രാത്രി എട്ടിനാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. അൽ ഐനിൽനിന്ന് അജ്മാനിലേക്കുള്ള ബസുകളുടെ ആദ്യ ട്രിപ് രാവിലെ എട്ടിനും രണ്ടാമത്തേത് ഉച്ചക്ക് 12 നും മൂന്നാമത്തെ ട്രിപ് വൈകീട്ട് നാലിനും അവസാന ട്രിപ് രാത്രി എട്ടിനുമാണ്.
അതേസമയം, ടിക്കറ്റ് നിരക്ക് എത്രയാണെന്ന് അധികൃതർ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസം ദുബൈക്കും ഷാർജക്കും പുതിയ ബസ് റൂട്ട് പ്രഖ്യാപിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) പ്രഖ്യാപിച്ചിരുന്നു. ഇ 308 എന്ന റൂട്ട് ദുബൈ സ്റ്റേഡിയം ബസ് സ്റ്റേഷനും ഷാർജ ജുബൈൽ ബസ് സ്റ്റേഷനുമിടയിലാണ് സർവിസ് നടത്തുക. മേയ് രണ്ട് മുതലാണ് സർവിസ് ആരംഭിക്കുന്നത്. വൺവേ യാത്രക്ക് നിരക്ക് 12 ദിർഹമാണ്.