പ്രവാസി ഇന്ത്യക്കാര്‍ക്ക് അന്താരാഷ്ട്ര മൊബൈല്‍ നമ്പറുകളിലൂടെ തന്നെ യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് അതായത് യുപിഐ ഉപയോഗിച്ച് പണം അയക്കാന്‍ അവസരമൊരുങ്ങുന്നു. ആദ്യഘട്ടത്തില്‍ നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ), പത്ത് വിദേശ രാജ്യങ്ങളില്‍നിന്ന് യു.പി.ഐ. ഉപയോഗിച്ചുള്ള പണം കൈമാറ്റത്തിന് അനുമതി നല്‍കും. സിംഗപ്പൂര്‍, യുഎസ്, ഓസ്ട്രേലിയ, കാനഡ, ഹോങ്കോങ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ, യുകെ എന്നീ രാജ്യങ്ങളിലെ പ്രവാസികള്‍ക്കാണ് ആദ്യഘട്ടത്തില്‍ യുപിഐ വഴി പണം അയക്കാന്‍ സാധിക്കുക. ഈ പത്ത് രാജ്യങ്ങളിലെയും ഇന്ത്യക്കാര്‍ക്ക് അവിടങ്ങളിലുള്ള കണ്‍ട്രി കോഡ് ഉപയോഗിച്ചുതന്നെ ഇനിമുതല്‍ ഡിജിറ്റല്‍ പണമിടപാട് നടത്താന്‍ കഴിയും. ഭാവിയില്‍ ഈ സൗകര്യം മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചേക്കാമെന്ന് എന്‍പിസിഐ വ്യക്തമാക്കുകയും ചെയ്തു. എന്‍ആര്‍ഇ/എന്‍ആര്‍ഒ അക്കൗണ്ടുകളുള്ള പ്രവാസികള്‍ക്ക് അവരുടെ അന്താരാഷ്ട്ര മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ അനുവദിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ എന്‍പിസിഐ പങ്കാളി ബാങ്കുകള്‍ക്ക് ഏപ്രില്‍ 30 വരെ സമയം നല്‍കിയിട്ടുണ്ട്. യൂപിഐ ഇടപാടുകള്‍ അനുവദിച്ചത് വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും വിദേശത്ത് താമസിക്കുന്ന കുടുംബങ്ങള്‍ക്കും പ്രാദേശിക ബിസിനസുകള്‍ക്കും ഏറെ സഹായകമാകുമെന്നുറപ്പാണ്. പണം അയക്കാന്‍ എന്‍ആര്‍ഐകള്‍ക്ക് അവരുടെ അന്താരാഷ്ട്ര സിം കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള സ്വന്തം എന്‍ആര്‍ഇ, എന്‍ആര്‍ഒ അക്കൗണ്ടുകള്‍ യുപിഐയിലേക്ക് ലിങ്ക് ചെയ്താല്‍ മതിയാകും.
