ഷാർജ ഇന്ത്യന്‍ അസോസിയേഷന്‍ ഓണാഘോഷം ഒക്ടോബർ 20 ന്

ഷാ‍ർജ ഇന്ത്യന്‍ അസോസിയേഷന്‍റെ ഇത്തവണത്തെ ഓണാഘോഷം ഒക്ടോബർ 20 ന് നടക്കും.എക്സ്പോ സെന്‍റർ ഷാർജയില്‍ രാവിലെ 9.30 മുതലാണ് ആഘോഷപരിപാടികള്‍ ആരംഭിക്കുകയെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാർത്താസമ്മേളത്തില്‍ അറിയിച്ചു. പ്രവാസത്തിന്‍റെ 50 വർഷം പൂർത്തിയാക്കുന്ന ലുലു ഗ്രൂപ്പ് ചെയർമാന്‍ എം എ യൂസഫലിയെ ചടങ്ങില്‍ ആദരിക്കും. തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എംബി രാജേഷ്, കൃഷിമന്ത്രി പി പ്രസാദ്, കായികമന്ത്രി വി അബ്ദുള്‍റഹ്മാന്‍, വികെ ശ്രീകണ്ഠന്‍ എംപി,മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്റഫ് തുടങ്ങിയവരും അതിഥികളായെത്തും. കണ്ണൂർ വിമാനത്താവളത്തിന്‍റെ ഡയറക്ടർ അബ്ദുള്‍ ഖാദിർ തെരുവത്ത്, ഷാർജ പോലീസ് കമാന്‍റർ ഇന്‍ ചീഫ് മേജർ ജനറല്‍ അബ്ദുളള മുബാറക്ക് ബിന്‍ അമീർ, സോഷ്യല്‍ വർക്ക് ലൈസന്‍സിങ് ആന്‍റ് ഡെവലപ്മെന്‍റ് ഓഫ് ഷാർജ ഡയറക്ടർ ഖലൂദ് അല്‍ നുഐമി എന്നിവരും സംബന്ധിക്കും. ഷാർജ ഇന്ത്യന്‍ അസോസിയേഷന്‍ 45 വ‍ർഷങ്ങള്‍ പൂർത്തിയാക്കുന്ന വേളയില്‍ ഇതുമായി ബന്ധപ്പെട്ട ആഘോഷപരിപാടികളും ഓണാഘോഷത്തോടൊപ്പം നടക്കും.

ചെമ്മീന്‍ ബാന്‍ഡ് നയിക്കുന്ന ഗാനമേളയും ചെണ്ടമേളം, പഞ്ചാരിമേളം, ശിങ്കാരിമേളം, കഥകളി, പുലികളി, തെയ്യം തുടങ്ങിയവ അണിനിരക്കുന്ന ഘോഷയാത്രയും ആഘോഷത്തോട് അനുബന്ധിച്ച് നടക്കും. വിവിധ എമിറേറ്റുകളില്‍ നിന്നുളള ടീമുകള്‍ പങ്കെടുക്കുന്ന പൂക്കളമത്സരവുമുണ്ടാകും. വിജയികള്‍ക്ക് സമ്മാനങ്ങളും നല്‍കും. യുഎഇയിലെ തന്നെ ഏറ്റവും വലിയ ഓണസദ്യയൊരുക്കുന്ന ഓണാഘോഷമാണ് ഷാർജ ഇന്ത്യന്‍ അസോസിയേഷന്‍റെ ഓണാഘോഷം. രാവിലെ 11 മണിയോടെ ഓണസദ്യ ആരംഭിക്കും. 22,000 പേർക്കാണ് ഓണസദ്യയൊരുന്നത്. പ്രവേശനം പാസുമൂലം നിയന്ത്രിക്കും. പ്രസിഡന്‍റ് നിസാർ തളങ്കര ജനറൽ സെക്രട്ടറി, ശ്രീ പ്രകാശ്, ട്രഷറർ ഷാജി ജോൺ, വൈസ് പ്രസിഡന്‍റ്, പ്രദീപ് നെന്മാറ ജോ: ജനറൽ സെക്രട്ടറി ജിബി ബേബി തുടങ്ങിയവരും മാനേജ്മെൻ്റ് കമ്മിറ്റി അംഗങ്ങളായ മുരളി എടവന, അനീസ് റഹ്മാൻ നീർവേലി, മുഹമ്മദ് അബൂബക്കർ വി.ടി.നസീർ കുനിയിൽ, സജി മാത്യു മണപ്പാറ, പ്രഭാകരൻ പയ്യുന്നൂർ, ത്വാലിബ് കെ.കെ തുടങ്ങിയവരും വാർത്താസമ്മേളത്തില്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *