സമൂഹത്തിലെ അവശരായ മനുഷ്യർക്ക് ആശ്വാസമേകാനായി ലക്ഷ്യമിട്ടുള്ള ദുബായ് കെ.എം.സി.സി. തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ “റഹ്‌മ” ക്ഷേമ പദ്ധതിയുടെ ബ്രോഷർ പ്രകാശനം ദുബായിൽ നടന്നു. ദുബായ് കരാമ സെന്ററിൽ സംഘടിപ്പിച്ച ഇഫ്താർ ചടങ്ങിലാണ് ഈ ബ്രോഷർ പ്രകാശനം ചെയ്തത്. “കാരുണ്യം” എന്ന അർത്ഥമുള്ള “റഹ്‌മ” പദ്ധതിയുടെ രണ്ടാം ഘട്ടമാണ് ഇത്തവണ റമദാൻ റിലീഫ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
ദുബായ് കെ.എം.സി.സി. സംസ്ഥാന സെക്രട്ടറി പി.വി. നാസർ ഡെസ്റ്റിനേഷൻ എജ്യൂക്കേഷൻ സർവീസിന്റെ മാനേജിംഗ് ഡയറക്ടർ, അഷ്‌റഫ് തെന്നലക്ക് നൽകി കൊണ്ടാണ് ബ്രോഷർ പ്രകാശനം ചെയ്തത്. തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വി.സി. സൈതലവിയുടെ അധ്യക്ഷതയിൽ പി.കെ. അൻവർ നഹാ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുണ്ടൂർ മർക്കസ് പ്രിൻസിപ്പാളായ അബ്‌ദുൽ ഗഫൂർ അൽഖാസിമി ഉൽബോധന പ്രസംഗം നടത്തി. മുജീബ് മൗലവി ഖുർആൻ പാരായണം നിർവഹിച്ചു.
ദുബായ് കെ.എം.സി.സി. സംസ്ഥാന വൈസ് പ്രസിഡന്റ് യാഹുമോൻ ഹാജി, മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് സിദ്ധിഖ് കാലൊടി, ജനറൽ സെക്രട്ടറി നൗഫൽ വേങ്ങര, ജില്ലാ ഭാരവാഹികളായ ഒ.ടി. സലാം, മുജീബ് കോട്ടക്കൽ, ടി.പി. സൈതലവി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പോകുന്ന കെ എം സി സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ട് യാഹു തെന്നലയ്ക്ക് ചടങ്ങിൽ യാത്രയയപ്പും നൽകി. ജനറൽ സെക്രട്ടറി ജബ്ബാർ ക്ലാരി സ്വാഗതവും ട്രഷറർ സാദിഖ് തിരുരങ്ങാടി നന്ദിയും പറഞ്ഞു