യു.എ.ഇയിൽ അടുത്ത അധ്യയന വർഷം മുതൽ സർക്കാർ വിദ്യഭ്യാസത്തിൻറെ എല്ലാ മേഖലയിലും നിർമിത ബുദ്ധി(എ.ഐ) പഠനം നിർബന്ധമാക്കി. കിൻറർഗാർഡൻ മുതൽ 12ാം ക്ലാസ് വരെയുള്ള പുതിയ പാഠ്യപദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. അതിവേഗം വികസിക്കുന്ന ലോകത്തിനൊപ്പം സഞ്ചരിക്കാൻ ഭാവി തലമുറയെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പദ്ധതി ആരംഭിക്കുന്നത്.യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് തീരുമാനം എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചത്.
ലോകത്തെ ഭാവി ജീവിതരീതിയെ തന്നെ മാറ്റിമറിക്കാൻ സഹായിക്കുന്ന നിർമിതബുദ്ധി ഉൾപ്പെടുത്തി സമഗ്രമായ ഒരു പാഠ്യപദ്ധതി വികസിപ്പിച്ച വിദ്യാഭ്യാസ മന്ത്രാലയത്തെ അദ്ദേഹം അഭിനന്ദിച്ചു.സാങ്കേതികമായി എ.ഐയെ കുറിച്ച് ആഴത്തിലുള്ള ധാരണ കുട്ടികളെ പഠിപ്പിക്കുക, അതോടൊപ്പം ഈ പുതിയ സാങ്കേതികവിദ്യയുടെ ധാർമ്മിക വശങ്ങളെകുറിച്ചുള്ള അവബോധം വളർത്തുക, അതിന്റെ ഡാറ്റ, അൽഗോരിതം, ആപ്ലിക്കേഷനുകൾ, അപകടസാധ്യതകൾ, സമൂഹവുമായും ജീവിതവുമായും ഉള്ള ബന്ധം എന്നിവയെക്കുറിച്ചുള്ള അറിവ് വർധിപ്പിക്കുക എന്നിവയും പദ്ധതി ലക്ഷ്യമിടുന്നു.
ദുബൈയിൽ കഴിഞ്ഞ ആഴ്ച എ.ഐ അക്കാദമി ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ചിരുന്നു. നിർമിത ബുദ്ധി വിദ്യാഭ്യാസത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും സുപ്രധാന മേഖലകളിൽ അതിന്റെ സ്വീകാര്യത വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് എ.ഐ അക്കാദമി സ്ഥാപിക്കുന്നത്.