യുകെ ആരോഗ്യമേഖലയ്ക്ക് പ്രിയം ഇന്ത്യക്കാര്‍

യുകെ ആരോഗ്യമേഖലയില്‍ ഇന്ത്യന്‍ ആധിപത്യം. യുകെയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും എണ്ണം വര്‍ധിച്ചതായി കണക്കുകള്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ മൈഗ്രേഷന്‍ ഒബ്‌സര്‍വേറ്ററി തയറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2022ല്‍ വൈദഗ്ധ്യമുള്ള തൊഴില്‍ വിസകളില്‍ എത്തിയതില്‍ ഭൂരിഭാഗവും യൂറോപ്യന്‍ യൂണിയന്‍ ഇതര രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഒരു ശതമാനം മാത്രമാണ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍. 2022-2023 വര്‍ഷത്തില്‍ വിദേശത്തുനിന്ന് ആരോഗ്യമേഖലയില്‍ തൊഴിലെടുക്കാന്‍ എത്തിയവരുടെ എണ്ണം കുത്തനെയുള്ള വര്‍ധിച്ചു. .

പുതുതായി റിക്രൂട്ട് ചെയ്യപ്പെടുന്ന വിദേശ ഡോക്ടര്‍മാരില്‍ 20 ശതമാനവും ഇന്ത്യയില്‍നിന്നുള്ളവരാണ്. നഴ്‌സുമാരുടെ കണക്കില്‍ ഇത് 46 ശതമാനമാണ്. നൈജീരിയ, പാകിസ്ഥാന്‍, ഫിലിപീന്‍സ് എന്നീ രാജ്യങ്ങളാണു തൊട്ടുപിന്നാലെയുള്ളത്. 2022ല്‍ സ്‌പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് (സിഒഎസ്) ഉപയോഗിക്കുന്ന തൊഴിലാളികള്‍ക്ക് പൗരത്വമുള്ള മുന്‍നിര രാജ്യങ്ങളില്‍ ഇന്ത്യയും (33 ശതമാനം) ഉള്‍പ്പെടുന്നു. തൊട്ടുപിന്നാലെ സിംബാബ്‌വെയും നൈജീരിയയുമാണ്.

2017 മുതലാണ് ആരോഗ്യമേഖലയിലെ തൊഴില്‍ വിസകളില്‍ യൂറോപ്യന്‍ യൂണിയന്‍ ഇതര പൗരന്മാരുടെ റിക്രൂട്ട്‌മെന്റ് വര്‍ധിച്ചത്. 2021ലും 2022ലും കുത്തനെ വര്‍ധനവ് ഉണ്ടായതായി ബ്രിട്ടന്റെ ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് (ഒഎന്‍എസ്) വ്യക്തമാക്കി. ആരോഗ്യമേഖലയിലെ ഒഴിവുകള്‍ 2022 ജൂലൈയിലും സെപ്തംബറിലും 217,000 ആയി ഉയര്‍ന്നു. 2023 മാര്‍ച്ചില്‍ 57,700 പേര്‍ക്ക് വിസ ലഭിച്ചു. 2022ല്‍ യുകെയിലേക്കു മൊത്തത്തിലുള്ള കുടിയേറ്റം 606,000 ആയിരുന്നു. ഇതു മുന്‍ വര്‍ഷത്തേക്കാള്‍ 24 ശതമാനമായി വര്‍ധിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *