യുഎഇയിലെ മുതിർന്ന മാധ്യമപ്രവർത്തകനായ കെ.ടി അബ്ദുറബ്ബിന് ഡോക്ടറേറ്റ്. യുഎഇയിലെ കേരളീയ സമൂഹത്തിലെ മലയാള പത്രങ്ങളെയും പ്രവാസി സ്വരങ്ങളെയും കുറിച്ചുള്ള സമഗ്ര പഠനത്തിനാണ് അബ്ദുറബ്ബിന് ബനസ്ഥലി യൂണിവേഴ്‌സിറ്റിയുടെ ഫാക്കൽറ്റി ഓഫ് ഫൈൻ ആർട്സ് വിഭാഗത്തിനു കീഴിലുള്ള ജേണലിസം & മാസ്സ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്നത്. പ്രഫസർ ഉമങ് ഗുപ്‌തയുടെ കീഴിലായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണം. കഴിഞ്ഞ 35 വർഷമായി യുഎഇയിലെ മാധ്യമ രംഗത്ത് സജീവമാണ് കെ.ടി അബ്ദുറബ്ബ്.
ഗൾഫിലെ ആദ്യ മലയാളം റേഡിയോയ്ക്ക് തുടക്കമിട്ട അദ്ദേഹം ഖലീജ് ടൈംസ്, ഗൾഫ് ടുഡേ എന്നീ പത്രങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. മത്രമല്ല ഗൾഫിൽ നിന്നുള്ള ആദ്യ മലയാള പത്രമായ മലയാളം ന്യൂസിന്‍റെ യുഎഇ മാനേജിങ് എഡിറ്റർ കൂടിയായിരുന്നു. എട്ടു വർഷത്തോളം അറബ് ന്യൂസ് ഇംഗ്ലിഷ് പത്രത്തിന്‍റെ യുഎഇ എഡിറ്ററായും അദ്ദേഹം പ്രവർത്തിച്ചു. ‘സലാം ഫുട്ബോൾ’, ‘യാദോം ക സഫർ’ എന്നീ പുസ്തകങ്ങളുടെ എഡിറ്ററായ കെ.ടി അബ്ദുറബ്ബ് ഇപ്പോൾ ലാർസൺ & ട്രൂബ്രോയുടെ മധ്യപൂർവദേശത്തെ മീഡിയ റിലേഷൻ മേധാവിയാണ്. മലയാള ദിനപത്രങ്ങൾക്ക് പുറമെ രാജ്യാന്തര അക്കാദമിക് ജേണലുകളിലും അദ്ദേഹം ഗവേഷണ ലേഖനങ്ങൾ എഴുതാറുണ്ട്.
ജൂൺ മാസത്തിൽ നേപ്പാളിലെ കാഠ്മണ്ഡുവിൽ നടന്ന ഇൻഡോ ഗ്ലോബൽ മൾടിഡിസിപ്ലിനറി കോൺഫറൻസിൽ അവതരിപ്പിച്ച പ്രബന്ധത്തിന് ബെസ്റ്റ് പ്രസന്റേഷൻ അവാർഡ് ലഭിച്ചിരുന്നു. ഡോ. സറീന മൂർക്കനാണ് ഭാര്യ. നിഹ (കാനഡ), ഫൈഹ (അമേരിക്കൻ യൂണിവേഴ്സിറ്റി, ഷാർജ) എന്നിവർ മക്കളാണ്. ചേന്ദമംഗലൂരിലെ പരേതനായ കെ.ടി.സി റഹിമിന്‍റെയും ഇയ്യാത്തുമ്മയുടെയും മകനാണ് കെ.ടി അബ്ദുറബ്ബ്.