ഭാവി പഠനങ്ങളുടെ നിലവാരം വിലയിരുത്തുന്ന ആദ്യ കേന്ദ്രം ദുബായിൽ തുറന്നു

ദുബായ്:ഭാവിയെക്കുറിച്ചുള്ള പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും നിലവാരം വിലയിരുത്തുന്ന ലോകത്തിലെ ആദ്യത്തെ കേന്ദ്രം ദുബായിൽ പ്രവർത്തനമാരംഭിച്ചു. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറീനേഴ്സ് അഫയേഴ്‌സ് (GDRFA) ആണ് ‘ഫോർസൈറ്റ് സ്റ്റഡികളുടെ നിലവാരമൂല്യനിർണയ കേന്ദ്രം’ (Center for Evaluating the Quality of Foresight Studies) എന്ന പേരിൽ ആരംഭിച്ചത്.വരുംകാല വെല്ലുവിളികളെയും സാധ്യതകളെയും മുൻകൂട്ടി കണ്ട്, കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്യുന്ന ദുബായിയുടെ ദീർഘവീക്ഷണത്തിന്റെ ഭാഗമായാണ് കേന്ദ്രം സ്ഥാപിച്ചിട്ടുള്ളതെന്ന് ദുബൈ ജി ഡി ആർ എഫ് എ അറിയിച്ചു

ഭാവി പഠനങ്ങളുടെ പുരോഗതിയും കൃത്യതയും വിലയിരുത്തുന്നതിനായി ശാസ്ത്രീയമായി രൂപകൽപ്പന ചെയ്ത നൂതനമായ ഒരു മൂല്യനിർണയ മാതൃക ഈ കേന്ദ്രം ഉപയോഗിക്കും. ആഗോളതലത്തിലുള്ള പ്രവണതകളുമായി ബന്ധപ്പെട്ട പഠനങ്ങളുടെ ഫലങ്ങൾ,വരുംകാലത്തേക്കുള്ള പദ്ധതികളുടെ വ്യക്തത, നിർദ്ദേശിക്കുന്ന പരിഹാരങ്ങളുടെ ദീർഘകാലത്തിലുള്ള സ്ഥിരത എന്നിവയെല്ലാം കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളിൽ പ്രധാനമായും പരിഗണിക്കുമെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി

ഭാവി പഠനങ്ങൾക്ക് ആഗോളതലത്തിൽ കൂടുതൽ വിശ്വാസ്യതയും വിശകലനങ്ങൾക്ക് ശാസ്ത്രീയമായ അടിത്തറയും നൽകുന്ന ഒരു വിശ്വസനീയ ഉറവിടമായി ഈ കേന്ദ്രം വളരുക എന്നതാണ് പ്രധാന ലക്ഷ്യം. നയപരമായ തീരുമാനങ്ങൾ മെച്ചപ്പെടുത്തുന്നതിന് തീരുമാനമെടുക്കുന്നവരെയും ഗവേഷകരെയും കൂടുതൽ ഫലപ്രദമായി സഹായിക്കാൻ കഴിയുന്ന രീതിയിലാണ് കേന്ദ്രത്തിലെ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

ഈ പദ്ധതിക്ക് ഇതിനോടകം തന്നെ ഈ രംഗത്തെ ആഗോള വിദഗ്ദ്ധരുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. വരും കാല സാഹചര്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാൻ ശേഷിയുള്ള സ്മാർട്ട് സംവിധാനങ്ങൾ രൂപപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ഈ കേന്ദ്രം ദുബായിയുടെ നവീനമായ മുന്നേറ്റങ്ങൾക്ക് വലിയ മാതൃക പകരുമെന്ന് ജി ഡി ആർ എഫ് എ ദുബൈ മേധാവി ലഫ്: ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു.നവീകരണം, മുൻകരുതൽ, കോർപ്പറേറ്റ് ഗവർണൻസ്, സാമൂഹ്യ പ്രതിബദ്ധത എന്നീ മേഖലകളിൽ സ്ഥാപനത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാനമായ ഒരു അവസരമായാണ് ഡയറക്ടറേറ്റ് ഈ പദ്ധതിയെ നോക്കി കാണുന്നത്. ആഗോള നിലവാരങ്ങൾ സ്വീകരിച്ച് ഉയർന്ന കാര്യക്ഷമതയുള്ള പദ്ധതികൾ ആവിഷ്‌കരിക്കുന്നതിൽ ഈ കേന്ദ്രം ഒരു നിർണായക പങ്ക് വഹിക്കുമെന്നും ജി ഡി ആർ എഫ് എ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *