ബസേലിയോസ് തോമസ് പ്രഥമന്‍ കതോലിക്ക ബാവയുടെ നിര്യാണത്തിൽ എം എ യൂസഫലി അനുശോചനം രേഖപ്പെടുത്തി

മലങ്കര യാക്കോബായ സുറിയാനി സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കതോലിക്ക ബാവയുടെ നിര്യാണത്തില്‍ പ്രമുഖ വ്യവസായി എം എ യൂസഫലി അനുശോചനം രേഖപ്പെടുത്തി. തിരുമേനിയുടെ വിയോഗം യാക്കോബായ സഭയ്ക്ക് മാത്രമല്ല പൊതുസമൂഹത്തിനും ഒരു തീരാനഷ്ടമാണെന്ന് യൂസഫലി പറഞ്ഞു. എളിമയും സ്നേഹവും കാര്യങ്ങള്‍ നടപ്പിലാക്കാനുള്ള ദീര്‍ഘദൃഷ്ടിയും കൈമുതലായുള്ള ബാവാ തിരുമേനിയുടെ കാലം ചെയ്തുവെന്ന വാര്‍ത്ത അത്യന്തം ദു:ഖത്തോടെയാണ് അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാവ തിരുമേനിയുമായി വര്‍ഷങ്ങളുടെ സ്നേഹവും ആത്മബന്ധവുമാണ് തനിക്കുണ്ടായിരുന്നതെന്ന് യൂസഫലി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ എളിമയാര്‍ന്ന ജീവിതവും ആതിഥ്യമര്യാദയും സ്നേഹവും പല അവസരങ്ങളിലും താന്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. വിവിധ വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യമുള്ള അദ്ദേഹവുമായി ചിലവഴിക്കുന്ന ഓരോ നിമിഷവും അറിവിന്റെ പുതിയ തലങ്ങളിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുന്നതെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.

2004-ല്‍ ബാവാ തിരുമേനിയുടെ ശുപാര്‍ശ പ്രകാരം സഭയുടെ കമാന്‍ഡര്‍ പദവി ഏറ്റുവാങ്ങിയ അവസരമാണ് അദ്ദേഹവുമായി തനിക്കുണ്ടായ ഏറ്റവും ശ്രേഷ്ഠമായ ഒരു അനുഭവമെന്നും യൂസഫലി അനുസ്മരിച്ചു. യാക്കോബായ സുറിയാനി സഭയുടെ സര്‍വോന്മുഖമായ പുരോഗതിക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച കര്‍മ്മനിരതനായ തിരുമേനിയുടെ നിര്യാണത്തില്‍ സഭയ്ക്കും സഭാംഗങ്ങള്‍ക്കുമുള്ള തന്റെ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *