പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ദുബൈയിൽ ജോലി ചെയ്തിരുന്ന പ്രവാസിയും. 33 വയസ്സുകാരനായ നീരജ് ഉദ്വാനിയാണ് മരിച്ചതെന്ന് കുടുംബ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ വെളിപ്പെടുത്തി. ഭാര്യയോടൊപ്പം കശ്മീരിൽ വിനോദസഞ്ചാരത്തിന് പോയതായിരുന്നു.
ജയ്പുർ സ്വദേശിയായ നീരജ് ചെറുപ്പം മുതൽ ദുബൈയിലാണ് വളർന്നത്. നിലവിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ ഫിനാൻസ് രംഗത്താണ് ജോലി.2023ൽ വിവാഹിതരായ ദമ്പതികൾ സുഹൃത്തിന്‍റെ വിവാഹ ചടങ്ങുകൾക്കാണ് ഇന്ത്യയിലെത്തിയത്. കൂടെയുള്ളവർ പലരും ദുബൈയിലേക്ക് മടങ്ങിയെങ്കിലും നീരജും ഭാര്യയും കശ്മീരിലേക്ക് പോവുകയായിരുന്നു.
കശ്മീർ സന്ദർശനം പൂർത്തിയാക്കി ദുബൈയിലേക്ക് മടങ്ങാനാണ് നിശ്ചയിച്ചിരുന്നത്. ആക്രമണം നടക്കുമ്പോൾ ഭാര്യ ഹോട്ടലിൽ വിശ്രമിക്കുകയായിരുന്നു. പിന്നീടാണിവർ ദാരുണമായ സംഭവം അറിയുന്നത്.