ദമ്മാം – ജുബൈൽ ഹൈവേയിൽ കാർ അപകടം ; തൃശൂർ സ്വദേശി മരിച്ചു

ദമ്മാം-ജുബൈൽ റോഡിൽ ചെക്ക് പോയിന്‍റിന് സമീപം ഡിവൈഡറിലേക്ക്​ കാർ ഇടിച്ചുകയറി മലയാളി മരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ നീയോ ഇൻഡസ്ട്രീസ് കമ്പനിയുടെ ജനറൽ മാനേജരും തൃശൂർ ടൗൺ പൂങ്കുന്നം സ്വദേശിയുമായ മനോജ് മേനോൻ (44) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്കായിരുന്നു സംഭവം.സുഹൃത്ത് സുരേഷുമൊന്നിച്ച് ദമ്മാമിൽ പോയ ശേഷം താമസസ്ഥലത്തേക്ക് മടങ്ങുകയിരുന്ന ഇവർ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.

മനോജ് ഇരുന്ന ഭാഗമാണ് കൂടുതൽ അപകടത്തിൽ പെട്ടത്. ഗുരുതര പരിക്കേറ്റ മനോജ് സംഭവസ്ഥലത്ത് മരിച്ചു. സുരേഷിനെ പ്രാഥമിക ചികിത്സക്കും നിരീക്ഷണത്തിനും ശേഷം വിട്ടയച്ചു. അഞ്ചുവർഷത്തിലേറെയായി സൗദി ഇൻഡസ്​ട്രിയൽ ഏരിയായ ‘മഅദനി’ലുള്ള നീയോ ഇൻഡസ്​ട്രീസ്​ കമ്പനിയിൽ ജോലി ചെയ്യുന്ന മനോജ് നേരത്തെ ഖത്തർ കെമിക്കൽ കമ്പനിയിൽ ജീവനക്കാരനായിരുന്നു.

ഖത്വീഫ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിൽ കൊണ്ടുപോകാൻ നടപടി പുരോഗമിക്കുന്നതായി നേതൃത്വം നൽകുന്ന കെ.എം.സി.സി ഭാരവാഹികളായ നൗഷാദ് തിരുവന്തപുരം, അമീൻ കളിയിക്കാവിള, ഹുസൈൻ, സുൽഫിക്കർ എന്നിവർ അറിയിച്ചു. അപകടവിവരമറിഞ്ഞ്​ ദുബൈയിൽ നിന്നും ഭാര്യാസഹോദരൻ ശരത് ദമ്മാമിൽ എത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *