ഒമാനിൽ പ്രവർത്തനം വിപുലീകരിക്കാൻ ലുലു ഗ്രൂപ്പ് ; ഒമാൻ സുൽത്താനുമായി കൂടിക്കാഴ്ച നടത്തി എം എ യൂസഫലി

മിഡിൽ ഈസ്റ്റിലെ പ്രമുഖ റീട്ടെയിലറായ ലുലു ഗ്രൂപ്പ് ഒമാനിലെ പ്രവർത്തനം കൂടുതൽ വിപുലീകരിക്കും. ഒമാൻ ഭരണാധികാരി ആയതിന് ശേഷം ആദ്യമായി ഇന്ത്യയിലെത്തിയ സുൽത്താൻ ഹൈതം ബിൻ താരിഖുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ഇക്കാര്യം അറിയിച്ചത്.

ഡൽഹി ലീല പാലസിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ ലുലു ഗ്രൂപ്പിന്റെ ഒമാനിലെ പ്രവർത്തനങ്ങലെപ്പറ്റി യൂസഫലി ഒമാൻ സുൽത്താന് വിവരിച്ചു കൊടുത്തു. നിലവിൽ 36 ഹൈപ്പർ മാർക്കറ്റുകളും ഷോപ്പിംഗ് മാളുകളുമാണ് ഒമാനിലെ വിവിധ ഗവർണർറേറ്റുകളിൽ ഉള്ളത്. സീനിയർ മാനേജ്‌മെന്റ് ഉൾപ്പെടെ 3,500 ലധികം ഒമാൻ പൗരന്മാരാണ് ലുലു ഗ്രൂപ്പ് ഒമാനിൽ ജോലി ചെയ്യുന്നത്.

ലുലു ഗ്രൂപ്പിന് ഒമാൻ ഭരണകൂടം നൽകിവരുന്ന എല്ലാ പിന്തുണയ്ക്കും സഹകരണത്തിനും യൂസഫലി ഒമാൻ സുൽത്താനെ നന്ദി അറിയിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു ഒമാൻ സുൽത്താന്റെ ബഹുമാനാർത്ഥം രാഷ്ട്രപതി ഭവനിൽ ഒരുക്കിയ അത്താഴ വിരുന്നിലും യൂസഫലി സംബന്ധിച്ചു. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ഒമാൻ സുൽത്താൻ ഇന്ന് ഉച്ചക്ക് ശേഷം മസ്കറ്റിലേക്ക് മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *