ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ 22കാരിയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എന്നാൽ പെൺകുട്ടിയുടെ കൈകൾ പിന്നിലേക്ക് ബന്ധിച്ചിരിക്കുകയാണ്. അതേസമയം മരണകാരണം പോസ്റ്റ്മോർട്ടത്തിലൂടെ മാത്രമേ വ്യക്തമാവുകയുള്ളൂ എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഞായറാഴ്ച വീടിന് കുറച്ചകലെയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഭൂമിയുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നുവെന്നും എതിരാളികൾ മകളെ കൊന്ന് കെട്ടിത്തൂക്കിയതാണെന്നുമാണ് മാതാപിതാക്കൾ പറയുന്നത്. പെൺകുട്ടിയുടെ വിവാഹം അടുത്തമാസം നടത്താൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞ രണ്ടുദിവസമായി വീട്ടിൽ പെൺകുട്ടി മാത്രമാണുണ്ടായിരുന്നത്. ഇളയ സഹോദരിയും മാതാപിതാക്കളും ലഖ്നോയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
എന്നാൽ പെൺകുട്ടിയുടെ മൃതദേഹത്തിൽ പരിക്കേറ്റ പാടുകളൊന്നുമില്ല. നിലത്ത്നിന്ന് ആറടി ഉയരത്തിൽ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടോ എന്ന കാര്യത്തിലും വ്യക്തതയില്ല. മരണത്തിന് പിന്നിൽ പ്രണയബന്ധമാണെന്ന സാധ്യതയും പോലീസ് തള്ളിക്കളഞ്ഞിട്ടില്ല. എന്നാൽ പെൺകുട്ടിയുടെ കൈകൾ പിറകിലേക്ക് ബന്ധിച്ചത് കൊലപാതകമാണോ എന്ന സംശയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. വിവരമറിഞ്ഞതിനെ തുടർന്നാണ് മരിച്ച പെൺകുട്ടിയുടെ മാതാപിതാക്കളും സഹോദരിയും ആശുപത്രിയിൽ നിന്നെത്തിയത്.