കളമശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് തൃക്കാക്കര എസിപി പിവി ബേബി. ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ചതിന് പിന്നിൽ ആരൊക്കെയുണ്ടെന്നത് കൂടുതൽ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ പറയാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
കേസിൽ പിടിയിലായ രണ്ട് പൂർവ വിദ്യാർഥികളായ ആഷിഖ്, ഷാരിൽ എന്നിവരുടെ അറസറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ച് നൽകിയത് ഇവരാണ്. കഞ്ചാവ് പിടിച്ച മുറിയിൽ താമസിച്ചിരുന്ന മറ്റ് രണ്ട് പേരുടെയും പങ്ക് അന്വേഷിക്കും. ഇവർക്കെതിരെ തെളിവുകൾ ലഭിച്ചാൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തും. എന്നാൽ ഇവർക്കെതിരെ ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും എസിപി പറഞ്ഞു.
കഞ്ചാവ് പിടിച്ച മുറിയിൽ കെഎസ് യു നേതാവ് ആദിലും മറ്റൊരു വിദ്യാർഥിയായ അനന്തുവും താമസിച്ചിരുന്നു. റെയ്ഡ് നടക്കുന്ന സമയത്ത് ഇരുവരും റൂമിൽ ഉണ്ടായിരുന്നില്ല. അറസ്റ്റിലായ ആകാശിന്റെ റൂം മേറ്റായിരുന്നു കെഎസ് യു നേതാവായ ആദിലെന്നും എസിപി പറഞ്ഞു.
ഇന്നലെയാണ് കളമശേരി പോളിടെക്നിക് കോളജിലെ പെരിയാർ മെൻസ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തത്. സംഭവത്തിൽ രണ്ടു കേസുകളാണ് രജിസ്റ്റർ ചെയ്തത്. കൊല്ലം കുളത്തൂപ്പുഴ ആകാശ് (21), ആലപ്പുഴ കാർത്തികപ്പിള്ളി സ്വദേശി ആദിത്യൻ (20), കൊല്ലം കരുനാഗപ്പള്ളി സ്വദേശി ആർ അഭിരാജ് (21) എന്നിവരാണ് കേസിൽ ആദ്യം അറസ്റ്റിലായവർ.