സിഐടിയുവുമായി ചേര്‍ന്നുളള സംയുക്ത ദേശീയ പണിമുടക്കില്‍ നിന്ന് ഐഎന്‍ടിയുസി പിന്മാറി

മെയ് 20-ന് പ്രഖ്യാപിച്ച സംയുക്ത ദേശീയ പണിമുടക്കിൽ നിന്ന് ഐഎൻടിയുസി പിന്മാറി. സംയുക്ത സമരത്തിൽ നിന്ന് പിന്മാറുകയാണെന്ന് ചൂണ്ടിക്കാട്ടി ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീമിന് കത്തയച്ചു. കെപിസിസിയുടെ നിർദേശപ്രകാരമാണ് ഐഎൻടിയുസി സംയുക്ത സമരത്തിൽ നിന്ന് പിന്മാറാനുളള തീരുമാനമെടുത്തത്.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പും തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പുമെല്ലാം അടുത്ത സാഹചര്യത്തിൽ ഇടതുപക്ഷ ട്രേഡ് യൂണിയനുമായി ചേർന്നുളള സമരപ്രക്ഷോഭങ്ങൾ തൽക്കാലം നിർത്തിവയ്ക്കുകയാണെന്ന് ചന്ദ്രശേഖരൻ കത്തിൽ പറഞ്ഞു. സംയുക്ത പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നില്ലെങ്കിലും യുഡിഎഫിൽ ഉൾപ്പെട്ടിട്ടുളള ട്രേഡ് യൂണിയനുകൾ പ്രത്യേകമായി പണിമുടക്കാനും പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.

‘കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികൾ ഗുരുതരമാണെന്ന കാര്യത്തിൽ സംശയമില്ല. കേരളത്തിലാണെങ്കിൽ ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെയും വികസനത്തിന്റെയും പേരിൽ നിരവധി തൊഴിലാളി വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. പല ക്ഷേമനിധികളുടെയും പ്രവർത്തനം അവതാളത്തിലാണെന്ന് തൊഴിലാളികൾക്ക് പൊതുവേ ആക്ഷേപമുണ്ട്. ഈ വിഷയങ്ങൾ സംയുക്ത സമര സമിതി നേരത്തെ ചർച്ച ചെയ്തിരുന്നു. തെരഞ്ഞെടുപ്പുകൾ അടുത്തതിനാൽ ഇടതുപക്ഷ ട്രേഡ് യൂണിയനുമായി ചേർന്നുളള സമരങ്ങൾ തൽക്കാലം നിർത്തിവയ്ക്കുകയാണ്’- എന്നാണ് ആർ ചന്ദ്രശേഖരൻ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *