കോഴിക്കോട് താമരശേരിയില്‍ എളേറ്റില്‍ എംജെ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഷഹബാസിനെ മര്‍ദ്ദിച്ചുകൊന്ന കേസില്‍ കുറ്റാരോപിതരായ അഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തിയതായി പൊലിസ്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി അഞ്ചുപേരെയും വെള്ളിമാടുകുന്നിലെ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റി. ഇവരെ എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ അനുവദിക്കും. രക്ഷിതാക്കളുടെ അഭ്യര്‍ഥന മാനിച്ചാണ് തീരുമാനം. ഷഹബാസിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. വലതുചെവിയുടെ മുകളില്‍ തലയോട്ടി പൊട്ടിയതായും കട്ടിയുള്ള ആയുധം ഉപയോഗിച്ചായിരുന്നു മര്‍ദനമെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു
ഷഹബാസിന്റെ മരണത്തിന് ഇടയാക്കിയ സംഘര്‍ഷത്തില്‍ പങ്കെടുത്തത് നാല് സ്‌കൂളിലെ വിദ്യാര്‍ഥികളെന്ന് പൊലീസ് പറഞ്ഞു. സംഘര്‍ഷം ആസൂത്രണം ചെയ്തത് ‘സംഘം 57’ എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴിയാണെന്നും താമരശേരി എച്ച്എസ്എസ്, എംജെ എച്ചഎസ്എസ്, ചക്കാലക്കല്‍ എച്ചഎസ്എസ്, പൂനൂര്‍ ജിഎച്ചഎഎസ്എസ് എന്നീ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ സംഘര്‍ഷത്തിന്റെ ഭാഗമായി. പ്രധാനമായും പതിനാല് കുട്ടികളാണ് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഉണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു.
കൂട്ടിയെ കൊലപ്പെടുത്തുന്നത് സംബന്ധിച്ചുളള കാര്യങ്ങള്‍ വിദ്യാര്‍ഥികള്‍ ആസൂത്രണം ചെയ്തത് ‘സംഘം 57’ എന്ന ഗ്രൂപ്പ് വഴിയാണ്. നഞ്ചക്ക് അടക്കമുള്ള ആയുധങ്ങളും കുട്ടികളുടെ കൈവശം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ആക്രമണത്തില്‍ മുതിര്‍ന്നവരും ഉണ്ടെന്ന് കൊല്ലപ്പെട്ട ഷഹബാസിന്റെ സുഹൃത്തുക്കള്‍ ആരോപിച്ചു. മുഹമ്മദ് ഷഹബാസിനെ മര്‍ദിച്ചവരെ അറിയാമെന്നും താമരശ്ശേരി സ്‌കൂളിലെ കുട്ടികളാണെന്നും അവര്‍ പറയുന്നു. രണ്ടു ദിവസം മുമ്പ് ഷഹബാസിന്റെ ചങ്ങാതിയെ മര്‍ദിച്ചിരുന്നതായും സുഹൃത്തുക്കള്‍ വെളിപ്പെടുത്തി.
കഴിഞ്ഞ ഞായറാഴ്ച താമരശ്ശേരിയില്‍ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ പത്താം ക്ലാസുകാരുടെ യാത്രയയപ്പ് ആഘോഷത്തിനിടെ ഡാന്‍സിന്റെ പാട്ടു നിലച്ചു. ഇതിനെച്ചൊല്ലിയുള്ള നിസാര തര്‍ക്കമാണ് വലിയ ഏറ്റുമുട്ടലിലേക്കും ഒടുവില്‍ പത്താം ക്ലാസുകാരന്റെ മരണത്തിലേക്കും നയിച്ചത്. ഫോണ്‍ തകരാറിലായി പാട്ടു നിലയ്ക്കുകയും നൃത്തം തടസ്സപ്പെടുകയും ചെയ്തു. പിന്നാലെ താമരശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ കൂകി വിളിച്ചു. കൂകി വിളിച്ച കുട്ടികളോട്, നൃത്തം ചെയ്ത എളേറ്റില്‍ എംജെ സ്‌കൂളിലെ പെണ്‍കുട്ടി ദേഷ്യപ്പെടുകയും വാക്കുതര്‍ക്കം ഉണ്ടാവുകയുമായിരുന്നു. ഈ പ്രശ്‌നം ട്യൂഷന്‍ സെന്റര്‍ ജീവനക്കാര്‍ ഇടപെട്ട് പരിഹരിച്ചു. എന്നാല്‍, ഒരു വിഭാഗം കുട്ടികളുടെ മനസ്സില്‍ പകയും പ്രതികാരവും വിട്ടുപോയിരുന്നില്ല. വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി കണക്ക് തീര്‍ക്കണമെന്ന തരത്തില്‍ ചര്‍ച്ചകള്‍ തുടങ്ങി. ഇതാണ് നടുറോഡിലെ ഏറ്റുമുട്ടലിലേക്കും ഷഹബാസിന്റെ മരണത്തിലേക്കും എത്തിച്ചത്.
ഷഹബാസ് അച്ചടക്കലംഘനം കാണിക്കുന്ന കുട്ടിയായിരുന്നില്ലെന്ന് എളേറ്റില്‍ വട്ടോളി എംജെ ഹയര്‍സെക്കന്‍ഡറി ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ മുഹമ്മ് ഇസ്മായില്‍ പറഞ്ഞു. ഈ മാസം 13ന് സ്‌കൂളില്‍ നടന്ന സെന്‍റ് ഓഫില്‍ വിദ്യാര്‍ഥികള്‍ യൂണിഫോമിലാണ് പങ്കെടുത്തത്. സെന്റ് ഓഫിന് ശേഷം വിദ്യാര്‍ഥികളെ സ്‌കൂള്‍ ബസ്സില്‍ തന്നെ വീട്ടിലെത്തിച്ചു.കുട്ടികള്‍ വീട്ടിലെത്തിയെന്ന് ഉറപ്പുവരുത്തിയിരുന്നു. കോരങ്ങാട് സ്‌കൂളിലെയും എംജെഎച്ച്എസ്എസിലെയും വിദ്യാര്‍ഥികള്‍ തമ്മില്‍ ഇതിനു മുന്‍പ് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല. വിദ്യാര്‍ഥികളുടെ സാമൂഹ്യ മാധ്യമ ഗ്രൂപ്പുകളില്‍ അധ്യാപകര്‍ കയറാന്‍ ശ്രമിക്കാറുണ്ട്. ഇപ്പോള്‍ ഉണ്ടാക്കിയ ഗ്രൂപ്പ് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മൊബൈല്‍ ഫോണുകള്‍ കുട്ടികള്‍ സ്‌കൂളില്‍ കൊണ്ട് വരാറില്ലെന്നും മുഹമ്മദ് ഇസ്മായില്‍ പറഞ്ഞു.