വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻറെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്ന പശ്ചാത്തലത്തിൽ അതിസുരക്ഷയിൽ തലസ്ഥാനം. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ട്രയൽ റൺ ബുധനാഴ്ച നടന്നു. നഗരവും തുറമുഖവും പരിസരവും കനത്ത സുരക്ഷയിലാണ്. നഗരത്തിലടക്കം നാലായിരത്തോളം പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ രണ്ടുദിവസം ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
വ്യാഴാഴ്ച വൈകീട്ടോടെയാണ് പ്രധാനമന്ത്രി തലസ്ഥാനത്തെത്തുന്നത്. രാജ്ഭവനിലാണ് തങ്ങുക. വെള്ളിയാഴ്ച 10നു ശേഷം പാങ്ങോട് സൈനിക ക്യാമ്പിലെ കൊളച്ചൽ സ്റ്റേഡിയത്തിൽ നിന്ന് വായുസേനയുടെ പ്രത്യേക ഹെലികോപ്ടറിൽ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിറങ്ങുന്ന പ്രധാനമന്ത്രിയെ ഗവർണർ, മുഖ്യമന്ത്രി, മന്ത്രിമാർ തുടങ്ങിയവർ സ്വീകരിക്കും. തുടർന്ന്, പ്രധാനമന്ത്രി തുറമുഖത്തിൻറെ പ്രവർത്തനങ്ങൾ വീക്ഷിക്കും. രാവിലെ 11ന് ഉദ്ഘാടനവേദിയിലേക്കെത്തും. 12ന് മടങ്ങും.