കാസർകോട്: പിണറായി വിജയൻ സർക്കാരിൻറെ നാലാം വാർഷികാഘോഷത്തിന് കാസർകോട് തുടക്കം. വാർഷികാഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പിണറായി സർക്കാരിൻറെ ഭരണതുടർച്ച ലക്ഷ്യമിട്ടുള്ള ആഘോഷ പരിപാടികൾക്കാണ് തുടക്കമായത്. കാസർകോട് നിന്ന് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കാമെന്ന് തീരുമാനിച്ചതിന് ഒട്ടെറെ കാരണങ്ങളുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേശീയ പാത വികസനമടക്കം സർക്കാരിൻറെ നേട്ടങ്ങൾ എണ്ണി പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി ഉദ്ഘാടനം പ്രസംഗം നടത്തിയത്.
കാസർകോടിന് ഒരുപാട് പ്രത്യേകതകളുണ്ട്. ആദ്യ സർക്കാരിന് നേതൃത്വം നൽകിയ സഖാവ് ഇഎംഎസ് തെരഞ്ഞെടുക്കപ്പെട്ടത് നീലേശ്വരം മണ്ഡലത്തിൽ നിന്നാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അത്തരമൊരു സർക്കാരിന് നേതൃത്വം കൊടുത്ത ഇഎംഎസ് മത്സരിച്ച മണ്ണിൽ തന്നെ ഈ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കാൻ കഴിയുന്നത് ഏറ്റവും അഭിമാനകരമായ കാര്യമാണ്. കേരളീയരാകെ ശപിച്ചുകൊണ്ടിരുന്ന ഒരു കാലത്തിന് അറുതിവരുത്തിയാണ് 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതെന്ന് പിണറായി വിജയൻ പറഞ്ഞു.
2016ൽ തകർന്നടിഞ്ഞുകിടന്നിരുന്ന ഒരു നാടിൻറെ ഭരണസാരഥ്യമാണ് ജനങ്ങൾ എൽഡിഎഫിനെ ഏൽപ്പിച്ചത്. അത് ഈ നാടിനെ കാലോചിതമായി മാറ്റിതീർക്കണമെന്നും മറ്റു പ്രദേശങ്ങളിൽ ലഭിക്കുന്ന വികസനം ഇവിടെയും വേണെന്നും ആഗ്രഹിച്ചാണ് ജനങ്ങൾ ഭരണം നൽകിയത്. ഇത്തരത്തിലുള്ള ഒരു ദൗത്യമാണ് എൽഡിഎഫ് സർക്കാരിനെ ജനങ്ങൾ ഏൽപ്പിച്ചത്. ആ ദൗത്യം നിറവേറ്റാൻ തുടങ്ങിയപ്പോൾ ഒരുപാട് പ്രതിസന്ധികളാണ് നേരിടേണ്ടിവന്നത്.
ഒട്ടെറെ പ്രകൃതി ദുരന്തങ്ങളും മാരകമായ പകർച്ച വ്യാധികളുമെല്ലാം പ്രതിസന്ധിയായി. ഇതെല്ലാം നാടിനെ കൂടുതൽ തകർച്ചയിലേക്ക് നയിക്കും വിധമുള്ളതായിരുന്നു. എന്നാൽ, അങ്ങനെ സംഭവിക്കാതെ നാം അതിജീവിച്ചു. നിപയും ഓഖിയും 2018ലെ മഹാപ്രളയവും 2019ലെ കാലവർഷക്കെടുതിയുമെല്ലാം അതിജീവിച്ചുവരുന്നതിനിടെയാണ് കൊവിഡ് ആക്രമണം ഉണ്ടാകുന്നത്.