യുഎസ് ആകാശ ദുരന്തം: ഒബാമ ബൈഡൻ ഭരണകൂടങ്ങളെ വിമര്‍ശിച്ച് ട്രംപ്

വാഷിങ്ടണിലെ റൊണാള്‍ഡ് റീഗന്‍ ദേശീയ വിമാനത്താവളത്തിനടുത്ത് യു.എസ്. യാത്രാവിമാനം സേനാ ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് പോട്ടോമാക് നദിയില്‍ വീണുണ്ടായ അപകടത്തില്‍ ബറാക് ഒബാമ, ജോ ബൈഡന്‍ ഭരണകൂടങ്ങളെ വിമര്‍ശിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഡൈവേഴ്‌സിറ്റി, ഇക്വിറ്റി, ഇന്‍ക്ലൂഷന്‍ (ഡി.ഇ.ഐ) നയങ്ങളെയും ട്രംപ് വിമര്‍ശിച്ചു. ഒബാമയുടെയും ജോ ബൈഡന്റെയും ഭരണകൂടങ്ങളുടെ കീഴില്‍ ‘കടുത്ത ബൗദ്ധിക വൈകല്യമുള്ള’ ആളുകളെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരായി നിയമിച്ചിരുന്നുവെന്ന് പത്രസമ്മേളനത്തില്‍ ട്രംപ് ചൂണ്ടിക്കാട്ടി.

‌അപകടം ഒഴിവാക്കാനാകുമായിരുന്നെന്നും സൈന്യത്തില്‍ ഉള്‍പ്പെടെ വംശീയ വൈവിധ്യത്തിനായി വാദിക്കുന്ന ഡി.ഇ.ഐ നയമാണ് അപകടത്തിനു കാരണമായതെന്നും ട്രംപ് തുറന്നടിച്ചു. എന്തടിസ്ഥാനത്തിലാണ് ഇത്തരം ആരോപണങ്ങളെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ‘കോമണ്‍സെന്‍സ്’ എന്നായിരുന്നു ട്രംപിന്റെ മറുപടി. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ ബുദ്ധിമാന്‍മാരും കൃത്യമായ തീരുമാനമെടുക്കേണ്ടവരുമാണെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന സ്ഥാനങ്ങളില്‍ ഉണ്ടാകേണ്ടത് ഏറ്റവും മികച്ചവരാണെന്നും ട്രംപ് പറഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ അപകടം മുന്നില്‍ക്കണ്ട് അതിവേഗം ഉചിതമായ തീരുമാനമെടുക്കാന്‍ ശേഷിയുള്ളവര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ തലപ്പത്ത് ഉണ്ടായിരിക്കണമെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 64 പേരുടെയും ഹെലികോപ്റ്ററിലുണ്ടായിരുന്ന മൂന്ന് പേരുടേയുമടക്കം 67 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. എല്ലാ മൃതദേഹങ്ങളും പൊട്ടൊമാക് നദിയില്‍ നിന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *