മതപരമായ വിവേചനം എല്ലാ വിശ്വാസക്കാരെയും ബാധിക്കു​മെന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ

മുസ്‍ലിംകൾക്കെതിരായ മതപരമായ അസഹിഷ്ണുതയെ അപലപിക്കുന്ന കാര്യത്തിൽ യു.എൻ അംഗങ്ങൾക്കൊപ്പം നിലകൊള്ളുന്നുവെന്ന് ഇന്ത്യ. മതപരമായ വിവേചനം എല്ലാ വിശ്വാസങ്ങളിലെയും അനുയായികളെ ബാധിക്കുന്ന വലിയ വെല്ലുവിളിയാണെന്ന് തിരിച്ചറിയേണ്ടതുണ്ടെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. 20 കോടി​യിലേറെ ഇസ്‍ലാംമത വിശ്വാസികൾ ഇന്ത്യയിലുണ്ട്. ലോകത്തിൽ ഏറ്റവും കൂടുതൽ മുസ്‍ലിംകളുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്നും ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ പി. ഹരീഷ് ചൂണ്ടിക്കാട്ടി. മതപരമായ വിവേചനം, വിദ്വേഷം, അക്രമം എന്നിവയിൽ നിന്ന് മുക്തമായ ഒരു ലോകത്തെ വളർത്തിയെടുക്കുക എന്നതാണ് പണ്ടുമുതലേ ഇന്ത്യയുടെ ജീവിത രീതിയെന്നും യു.എൻ പൊതുസഭയിൽ നടന്ന അനൗപചാരിക സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഹരീഷ് വ്യക്തമാക്കി.

റമദാൻ മതവിശ്വാസികൾക്ക് അഭിവാദ്യം അർപ്പിച്ചാണ് ഹരീഷ് സംസാരം തുടങ്ങിയത്. ആരാധനാലയങ്ങളെയും മതസമൂഹങ്ങളെയും ലക്ഷ്യം വച്ചുള്ള അക്രമങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്ന രീതിയിൽ വർധിച്ചുവരുന്നതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. എല്ലാ വിശ്വാസങ്ങളെയും തുല്യമായി ബഹുമാനിക്കുക എന്ന തത്വത്തോടുള്ള എല്ലാ അംഗരാജ്യങ്ങളുടെയും സുസ്ഥിരമായ പ്രതിബദ്ധതയും കൃത്യമായ നടപടിയും വഴി മാത്രമേ ഇതിനെ ചെറുക്കാൻ കഴിയൂ. എല്ലാ രാജ്യങ്ങളും അവരുടെ എല്ലാ പൗരന്മാരെയും തുല്യമായി പരിഗണിക്കാൻ പ്രതിജ്ഞാബദ്ധരാകണം. മതപരമായ വിവേചനം പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾ പ്രയോഗിക്കരുത്. വിദ്യാഭ്യാസ സമ്പ്രദായം സ്റ്റീരിയോടൈപ്പുകൾ നിലനിർത്തുന്നതോ മതഭ്രാന്തിനെ പ്രോത്സാഹിപ്പിക്കുന്നതോ അല്ലെന്ന് നാം ഉറപ്പാക്കണമെന്നും ഹരീഷ് ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *