ഭീകരർ ദിവസങ്ങൾക്ക് മുമ്പ് പഹൽഗാമിൽ എത്തി; നാല് വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു, സുരക്ഷ ഇല്ലാത്ത ബൈസരൺ തിരഞ്ഞെടുത്തു 

ഭീകരാക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ് ഭീകരർ പഹൽഗാമിൽ എത്തിയെന്ന് എൻഐഎ. ഏപ്രിൽ 15-ന് ഭീകരർ പഹൽഗാമിൽ എത്തിയെന്നാണ് വിലയിരുത്തൽ. പഹൽഗാമിലെ നാല് വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു. സുരക്ഷ ഇല്ലാത്ത ബൈസരൺ വാലി ആക്രമണത്തിന് തിരഞ്ഞെടുത്തു. ആക്രമണത്തിന് രണ്ട് ദിവസം മുമ്പ് ഭീകരർ ബൈസരണിൽ എത്തി. ഇവർക്ക് പ്രാദേശിക സഹായം ലഭിച്ചോ എന്നതിൽ അന്വേഷണം തുടരുകയാണ്. പ്രദേശവാസികൾ ഭീകരരെ നേരത്തെ കണ്ടതായി മൊഴി നൽകിയെന്നും സൂചനയുണ്ട്.

അരു താഴ്വര, അമ്യൂസ്മെന്റ് പാർക്ക്, ബേതാബ് താഴ്വര എന്നിവയും തീവ്രവാദികളുടെ നിരീക്ഷണത്തിലായിരുന്നു. എന്നാൽ ഈ മേഖലകളിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയത് ഭീകരരെ അവിടെ ആക്രമണം നടത്തുന്നതിൽ നിന്ന് പിന്തിരിപ്പിച്ചതായി വൃത്തങ്ങൾ പറയുന്നു. ആക്രമണത്തിന് മുമ്പുള്ള ഘട്ടത്തിൽ മേഖലയിൽ മൂന്ന് സാറ്റലൈറ്റ് ഫോണുകൾ ഉപയോഗിച്ചതിനെക്കുറിച്ചുള്ള തെളിവുകളും പുറത്തുവന്നിട്ടുണ്ട്. ഇതിൽ രണ്ടെണ്ണത്തിൽ നിന്നുള്ള സിഗ്‌നലുകൾ കണ്ടെത്തിയിട്ടുണ്ട്.

പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട് എൻഐഎയും രഹസ്യാന്വേഷണ ഏജൻസികളും ഇതുവരെ 2,500 ലധികം പേരെ ചോദ്യം ചെയ്തു. 186 പേരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലുണ്ട്. ആക്രമണത്തെത്തുടർന്ന് ജമ്മു കശ്മീരിലുടനീളം റെയ്ഡുകൾ ആരംഭിച്ചു. ഹുറിയത്ത് കോൺഫറൻസ് വിഭാഗങ്ങൾ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളുടെ അനുഭാവികളുടെ മറ്റും വീടുകളും സ്ഥലങ്ങളും വ്യാപക പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.കുപ്വാര, ഹന്ദ്വാര, അനന്ത്‌നാഗ്, ത്രാൽ, പുൽവാമ, സോപോർ, ബാരാമുള്ള, ബന്ദിപ്പോറ തുടങ്ങിയ സ്ഥലങ്ങളിലും പരിശോധന നടത്തി.

അതേസമയം, അതിർത്തിയിലെ പിരിമുറുക്കത്തിനിടെ നീക്കങ്ങൾക്കൊരുങ്ങുകയാണ് ഇന്ത്യൻ സൈന്യം. ഗംഗ എക്‌സ്പ്രസ്‌വേയിൽ ഇന്ന് സേനയുടെ സൈനികാഭ്യാസം നടക്കും. റഫാൽ,മിറാഷ്, ജാഗ്വാർ യുദ്ധവിമാനങ്ങൾ സജ്ജമായിക്കഴിഞ്ഞു. അടിയന്തര സാഹചര്യം നേരിടാൻ സൈന്യം ബദൽ മാർഗം വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *