പുലിപ്പല്ല് കേസിൽ വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റമില്ലെന്ന് കോടതി

പുലിപ്പല്ല് കൈവശം വച്ചെന്ന കേസിൽ റാപ്പർ വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്ന് കോടതി. നിലവിലെ തെളിവുകൾ അനുസരിച്ച് കുറ്റകൃത്യം വനംവകുപ്പിന് തെളിയിക്കാനായില്ല. മാലയിലെ പുലിപ്പല്ല് യഥാർത്ഥമാണോയെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തണം . പെരുമ്പാവൂർ ജെഎഫ്‌സിഎം കോടതിയുടെ ജാമ്യ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അതേസമയം പുലിപ്പല്ല് കേസിൽ അന്വേഷണം തത്കാലം തുടരേണ്ടതില്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർക്കിടയിൽ ധാരണ . വകുപ്പ് മന്ത്രിയുടെ നിലപാട് സേനയുടെ വീര്യം കെടുത്തിയെന്നാണ് ഉദ്യോഗസ്ഥർക്കിടെയിലെ അഭിപ്രായം. മന്ത്രിയുടേത് കയ്യടിക്കുവേണ്ടിയുള്ള നിലപാട് മാറ്റം എന്നും വിമർശനം.

പൊതുസമൂഹത്തിൻറെ വികാരം മാനിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ബാധ്യതയുണ്ടെന്നും സുരേഷ് ഗോപിക്കും മോഹൻലാലിനോടും കാണിക്കുന്നത് നീതിയാണെങ്കിൽ അത് വേടനും ലഭിക്കണമെന്നുമാണ് വനംമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞത്. പുലിപ്പല്ല് ആരാധകൻ നൽകിയതാണോ എന്നത് വേടൻ കോടതിയിൽ തെളിയിക്കണമെന്നായിരുന്നു വനംമന്ത്രി കഴിഞ്ഞ ദിവസത്തെ പ്രതികരണം.

കേസിൽ ഇന്നലെ വേടന് ജാമ്യം ലഭിച്ചിരുന്നു. പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം നൽകരുതെന്ന വനംവകുപ്പിൻറെ ആവശ്യം കോടതി തള്ളുകയായിരുന്നു. കർശന ഉപാധികളോടെയാണ് വേടന് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണം, കേരളം വിട്ടു പുറത്തു പോകരുത്, ഏഴുദിവസത്തിനുള്ളിൽ പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കണം, എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം.

Leave a Reply

Your email address will not be published. Required fields are marked *