പവൻ കല്യാണിന്‍റെ മകന് പൊള്ളലേറ്റു; അപകടം സിംഗപ്പൂരിലെ സ്കൂളിലുണ്ടായ തീപിടിത്തത്തിൽ

തെലുങ്ക് സൂപ്പർ താരവും ആന്ധ്രപ്രദേശ് ഉപ മുഖ്യമന്ത്രിയുമായ പവൻ കല്യാണിന്‍റെ ഇളയ മകന് പൊള്ളലേറ്റു. മാർക്ക് ശങ്കർ പാവനോവിച്ചിനാണ് സിംഗപ്പൂരിലെ സ്കൂളിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റത്.

ഏഴു വയസുള്ള കുട്ടിയുടെ കൈക്കും കാലിനും ഗുരുതര പൊള്ളലേറ്റെന്നാണ് ലഭിക്കുന്ന വിവരം. പുക ശ്വസിച്ചതിനെ തുടർന്ന് അവശനിലയിലായ കുട്ടി സിംഗപ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

മാതാവ് അന്ന ലെഷ്‌നേവക്കൊപ്പമാണ് കുട്ടി സിംഗപ്പൂരിൽ കഴിയുന്നത്. പവൻ കല്യാൺ- അന്ന ലെഷ്‌നേവ ദമ്പതികളുടെ മകനായി മാർക്ക് ശങ്കർ 2017 ഒക്ടോബർ 10നാണ് ജനിച്ചത്.

ജനസേവാ പാർട്ടി നേതാവായ പവൻ കല്യാൺ രാഷ്ട്രീയ പരിപാടികൾ റദ്ദാക്കിയ ഉടൻ സിംഗപ്പൂരിലേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ട്. അദിവതി തല്ലി പാതയുടെ ഭാഗമായി അല്ലൂരി സീതാരാമരാജു ജില്ലയിൽ പര്യടനം നടത്തുകയാണ് നിലവിൽ പവൻ കല്യാൺ.

ഡംബ്രിഗുഡ മണ്ഡലത്തിലെ കുരിഡിയിലെ ക്ഷേത്രത്തിൽ സന്ദർശനം നടത്തുകയും പ്രദേശവാസികളുമായി സംവദിക്കുകയും ചെയ്യാനായിരുന്നു പരിപാടി.

Leave a Reply

Your email address will not be published. Required fields are marked *