നേര്യമംഗലം ബസ് അപകടം;ബസിനടിയിൽ കുടുങ്ങിയ പെൺകുട്ടി മരിച്ചു

എറണാകുളം നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് താഴ്‌ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം.ഇടുക്കി കീരിത്തോട് സ്വദേശിനി അനിൻ്റാ ബെന്നി (14) ആണ് മരിച്ചത്. അപകടത്തിൽ ബസിനടിയിൽ കുടുങ്ങിയ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.15ഓളം പേർക്കാണ് പരിക്കേറ്റു.ഇവരിൽ ഒരാളുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം.

നേര്യമംഗലം മണിയമ്പാറയിൽ ചൊവ്വാഴ്‌ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. കട്ടപ്പനയിൽനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഏകദേശം 10അടിയോളം താഴ്‌ചയിലേക്കാണ് ബസ് മറിഞ്ഞത്.

ബസിന്റെ ഏറ്റവും മുൻപിലെ സീറ്റിലാണ് അനീറ്റ ഇരുന്നിരുന്നത്. ബസ് നിയന്ത്രണം വിട്ടു മറിഞ്ഞപ്പോൾ ചില്ല് തകർന്ന് അനീറ്റ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ബസിനടിയിൽ കുടുങ്ങിപ്പോയ പെൺകുട്ടിയെ പിന്നീട് ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തിയശേഷമാണ് പുറത്തെടുത്തത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു

കീരിത്തോട് തെക്കുമറ്റത്തിൽ പരേതനായ ബെന്നിയുടെ മകളാണ് മരിച്ച അനീറ്റ ബെന്നി. കഞ്ഞിക്കുഴി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയാണ് അനീറ്റ.
അപകടകാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. ബസിന് എന്തെങ്കിലും യന്ത്രത്തകരാർ സംഭവിച്ചതാണോ എന്നതിലും വ്യക്തതയില്ല. കെഎസ്‌ആർടിസി ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി ബസ് പരിശോധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *