ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയിൽ പ്രകോപനം തുടർന്ന് പാകിസ്ഥാൻ. പൂഞ്ചിലും കുപ്വാരയിലുമാണ് പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചത്. പ്രകോപനം ഒന്നുമില്ലാതെ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതോടെ ബിഎസ്എഫ് തിരിച്ചടിച്ചു.
ഏറ്റുമുട്ടലിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ പാകിസ്ഥാനെതിരെ കടുത്ത നടപടികൾ സ്വീകരിച്ചിരുന്നു. ഇതിന് ശേഷം തുടർച്ചയായി നാലാമത്തെ തവണയാണ് പാകിസ്ഥാന്റെ ഭാഗത്തു നിന്ന് വെടിനിർത്തൽ കരാർ ലംഘനം ഉണ്ടാകുന്നത്.
കഴിഞ്ഞ ദിവസവും പാകിസ്ഥാൻ നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. റാംപുർ, തുഗ്മാരി സെക്ടറുകളിലാണ് ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച രാവിലെയുമായി പാകിസ്ഥാൻ സൈന്യം വെടിയുതിർത്തത്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അതിർത്തിയിൽ ഇന്ത്യൻ സൈന്യം അതീവ ജാഗ്രത പുലർത്തുകയാണ്.