നടിമാർക്ക് സെറ്റിൽ ബുദ്ധിമുട്ടുണ്ടായാൽ ഉത്തരവാദിത്തം സിനിമ നിർമാതാക്കൾക്കാണെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. ഹേമ കമ്മിറ്റിയുടെ ശിപാർശകൾ നടപ്പാക്കും. സിനിമ സെറ്റിൽ ഭയമില്ലാതെ പ്രവർത്തിക്കാനുള്ള അന്തരീക്ഷം ഉണ്ടാക്കും.
സിനിമ സാങ്കേതിക രംഗത്തേക്ക് കൂടുതൽ വനിതകളെ കൊണ്ടുവരും. അതിന് പ്രത്യേക പരിശീലനം നൽകുന്നുണ്ടെന്നും സാംസ്‌കാരികമന്ത്രി വ്യക്തമാക്കി. സിനിമാരംഗത്തെ പുരുഷമേധാവിത്വം അവസാനിപ്പിക്കും. സിനിമാ മേഖലയിൽ സ്ത്രീകൾക്ക് തുല്യ പങ്കാളിത്തം ഉറപ്പുവരുത്തും. സിനിമ സാംസ്‌കാരിക വകുപ്പും ചില പരിശോധനകൾ നടത്തുന്നുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു. നടി വിൻസി അലോഷ്യസ് നടത്തിയ വെളിപ്പെടുത്തലിനെ തുടർന്ന് എക്‌സൈസ് മന്ത്രി എം.ബി രാജേഷുമായി ചർച്ച നടത്തിയതായും അദ്ദേഹം പറഞ്ഞു.
ശക്തമായ നടപടി സർക്കാറിന്റെ ഭാഗത്തു നിന്നുണ്ടാവും. സിനിമാ മേഖലയിലെ ലഹരി ഉപയോഗം നേരത്തെ ശ്രദ്ധയിൽപ്പെട്ടതാണ്. വിൻസിയുടെ വെളിപ്പെടുത്തൽ അതീവ ഗൗരവമായി കാണുന്നുവെന്നും നേരത്തേ ആരും ലഹരി ഉപയോഗം സംബന്ധിച്ച വിവരങ്ങൾ പുറത്തു പറയാൻ ധൈര്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സിനിമാമേഖലയിൽ ലഹരി പൂർണമായും ഒഴിവാക്കാൻ നയം കൊണ്ടുവരും. അതിനിടെ, ഡാൻസാഫ് സംഘത്തിന്റെ ലഹരിപരിശോധനക്കിടെ ബുധനാഴ്ച രാത്രി കൊച്ചിയിലെ പി.ജി.എസ് വേദാന്ത ഹോട്ടലിൽ നിന്ന് ഓടി രക്ഷപ്പെട്ട ഷൈൻ ടോം ചാക്കോ ശനിയാഴ്ച രാവിലെ 10ഓടെ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായി. നേരത്തേ, 32 ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലി പൊലീസ് തയാറാക്കിയിരുന്നു. പത്ത് മണിക്ക് കൊച്ചി നോർത്ത് സ്റ്റേഷനിൽ ഹാജരാകാൻ അവശ്യപ്പെട്ട് വെള്ളിയാഴ്ച പൊലീസ് നടന് നോട്ടീസ് നൽകിയിരുന്നു.