ചന്ദ്രബോസിനെ വാഹനമിടിച്ച് കൊന്ന കേസ്: പ്രതി നിഷാമിന് പരോൾ

തൃശൂരിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതി മുഹമ്മദ് നിഷാമിന് പരോൾ. കഴിഞ്ഞ മൂന്നാം തിയതിയാണ് ഹൈകോടതി പരോൾ അനുവദിച്ചത്. തൃശൂർ ശോഭ സിറ്റിയിൽ സെക്യൂരിറ്റി ജീവനക്കാരനായ കണ്ടശാംകടവ് സ്വദേശി ചന്ദ്രബോസിനെ (47) 2015 ജനുവരി 29നാണ് നിഷാം തന്റെ ആഡംബര കാറായ ഹമ്മർ ഉപയോഗിച്ച് ഇടിച്ചിട്ടത്. 2015 ഫെബ്രുവരി 16ന് ഉച്ചയ്ക്ക് ചന്ദ്രബോസ് മരിച്ചു. ആക്രമണം തടയാനെത്തിയ സെക്യൂരിറ്റി സൂപ്പർവൈസർ അയ്യന്തോൾ കല്ലിങ്ങൽ വീട്ടിൽ അനൂപിനെയും (31) മർദിച്ചിരുന്നു.

നിഷാമിന്റെ പരോൾ വ്യവസ്ഥകൾ നിശ്ചയിക്കാൻ സംസ്ഥാന സർക്കാരിന് കോടതി നിർദേശം നൽകി. വ്യവസ്ഥ നിശ്ചയിക്കുന്നത് മുതൽ 15 ദിവസത്തേക്കാണ് പരോൾ നൽകുക. ശോഭാ സിറ്റിയിലെ താമസക്കാരനായിരുന്ന നിഷാം സംഭവദിവസം പുലർച്ചെ മൂന്ന് മണിയോടെ എത്തിയപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസ് ഗേറ്റ് തുറക്കാൻ വൈകിയതിനും വാഹനം തടഞ്ഞ് ഐ.ഡി കാർഡ് ചോദിച്ചതിനും പ്രകോപിതനായാണ് ആക്രമിച്ചത്. ഭയന്നോടിയ ചന്ദ്രബോസിനെ ഹമ്മറിൽ പിന്തുടർന്ന് ഇടിച്ച് വീഴ്ത്തുകയായിരുന്നു.

വീണുകിടന്ന ഇയാളെ എഴുന്നേൽപിച്ച് വാഹനത്തിൽ കയറ്റി പാർക്കിങ് ഏരിയയിൽ കൊണ്ടുപോയി വീണ്ടും ക്രൂരമായി മർദിച്ചെന്നാണ് കേസ്. ആക്രമണത്തിൽ ചന്ദ്രബോസിന്‍റെ നട്ടെല്ലും വാരിയെല്ലുകള്‍ തകർന്നിരുന്നു. വിവരമറിഞ്ഞ് ഫ്ലയിങ് സ്ക്വാഡ് എത്തിയാണ് ചന്ദ്രബോസിനെ ആശുപത്രിയിൽ കൊണ്ടുപോയത്. ശ്വാസകോശത്തിന് സാരമായ പരിക്കേറ്റ ഇദ്ദേഹത്തെ തൃശ്ശൂർ അമല ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ഫെബ്രുവരി 16ന് ഉച്ചയ്ക്ക് മരണത്തിന് കീഴടങ്ങി. നിഷാമിനെതിരെ കൊലപാതകമുൾപ്പെടെ ഒമ്പത് കുറ്റങ്ങളാണ് ചുമത്തിയത്. തൃശ്ശൂർ അഡീഷണൽ കോടതി പ്രതിക്ക് ജീവപരന്ത്യവും 24 വർഷം തടവും 80,30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചന്ദ്രബോസിന്‍റെ ഭാര്യ ജമന്തിക്ക് 50 ലക്ഷം രൂപ നൽകാനും ഉത്തരവിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *