കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും പുക; ആളുകളെ ഒഴുപ്പിപ്പിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജ് കെട്ടിടത്തിൽ നിന്ന് വീണ്ടും പുക ഉയരുന്നു. സംഭവത്തെ തുടർന്ന് കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴുപ്പിച്ചു. മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിലെ ആറാം നില കെട്ടിടത്തിൽ നിന്നാണ് പുക ഉയരുന്നത്.കഴിഞ്ഞ ദിവസത്തെ പൊട്ടിത്തെറി സംബന്ധിച്ച് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് പരിശോധനയ്ക്കിടെയാണ് വീണ്ടും പുക ഉയർന്നത്. സംഭവത്തിൻറെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കഴിഞ്ഞ ദിവസം ഒന്ന്, രണ്ട് നിലകളിൽ നിന്നാണ് വലിയ രീതിയിൽ പുക ഉയർന്നത്. ഇതിന് പിന്നാലെയാണിപ്പോൾ ആറാം നിലയിൽ നിന്ന് പുക ഉയർന്നത്.

നിലവിൽ ആറാം നിലയിൽ രോഗികളില്ല. പുക ഉയർന്നതിനെ തുടർന്ന് സ്ഥലത്ത് ഫയർഫോഴ്‌സ് എത്തിയിട്ടുണ്ട്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. സൂപ്പർ സ്‌പെഷ്യാലിറ്റി ഓപ്പറേഷൻ തിയറ്ററുകൾ പ്രവർത്തിച്ചിരുന്ന ആറാം നിലയിലാണ് സംഭവം.
കഴിഞ്ഞ ദിവസം പുക ഉയർന്നതുമായി ബന്ധപ്പെട്ട പരിശോധനകൾ ഉൾപ്പെടെ നടന്നിരുന്നുവെന്നും ഇതിനിടെയുണ്ടായ ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് പുക ഉയർന്നതെന്നും രോഗികൾ ആരും അവിടെ ഉണ്ടായിരുന്നില്ലെന്നും ആശങ്ക വേണ്ടെന്നും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം കെട്ടിടത്തിൽ നിന്ന് പൊട്ടിത്തെറിയുണ്ടായി തീപിടിച്ച് പുക ഉയർന്ന സംഭവത്തിന് പിന്നാലെ ഇവിടെയുള്ളവരെ മാറ്റിയിരുന്നു. നാളെ മുതൽ കെട്ടിടത്തിൽ വീണ്ടും ഓപ്പറേഷൻ തിയറ്റർ അടക്കം പ്രവർത്തനം ആരംഭിക്കുന്നതിൻറെ ഭാഗമായാണ് ഇന്ന് പരിശോധന നടന്നത്. ഇതിൻറെ ഭാഗമായി ഓപ്പറേഷൻ തിയറ്റർ അടക്കം പുനക്രമീകരിക്കുന്നതിനിടെയാണ് വീണ്ടും പുക ഉയർന്നത്. കൂടുതൽ ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തേക്ക് എത്തുന്നുണ്ട്. നാലാം നിലയിലടക്കം ആളുകൾ ഉണ്ടായിരുന്നതായും പറയപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *