മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ പാരഡി ഗാനത്തിലൂടെ പരിഹസിച്ച കൊമീഡിയൻ കുനാൽ കമ്രക്കെതിരെ വിമർശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം മറ്റുള്ളവരെ വ്യക്തിപരമായി ആക്രമിക്കാൻ ഉപയോഗിക്കാൻ പാടില്ലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. വാർത്ത ഏജൻസിയായ എഎൻഐയുടെ പോഡ്കാസ്റ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം മറ്റുള്ളവരെ വ്യക്തിപരമായി ആക്രമിക്കാൻ ഉപയോഗിക്കാൻ പാടില്ലെന്നും നിർഭാഗ്യവശാൽ, രാജ്യത്തെ ഭിന്നതയുടെ വിടവ് വർദ്ധിപ്പിക്കാൻ ചിലർ അഭിപ്രായ സ്വാതന്ത്ര്യത്തെ ജന്മാവകാശമായി കണക്കാക്കുയാണെന്നും യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി. അതേസമയം ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ പാരഡി ഗാനത്തിൽ കളിയാക്കിയതിന് മാപ്പ് പറയില്ലെന്നാണ് കൊമേഡിയൻ കുനാൽ കമ്രയുടെ നിലപാട്.
അതേസമയം എല്ലാവർക്കും അഭിപ്രായ സ്വാതന്ത്രമുണ്ടെന്നും എന്നാൽ പരിധി ലംഘിക്കരുതെന്നുമായിരുന്നു തനിക്കെതിരെയുള്ള വിമർശനത്തോട് ഷിൻഡെയുടെ പ്രതികരണം. എന്നാൽ സംഭവത്തിൽ മുഖ്യമന്ത്രി ഫഡ്നാവിസും മന്ത്രിമാർ ഉൾപ്പെടെ പ്രമുഖരും മാപ്പ് പറയാൻ ആവശ്യപ്പെട്ടിട്ടും കമ്ര വഴങ്ങിയിട്ടില്ല. പരാതിയിൽ മുംബൈ പൊലീസ് സമൻസ് അയച്ചെങ്കിലും ഹാജരാകാൻ ഒരാഴ്ച സമയം ചോദിച്ചിരിക്കുകയാണ് കുനാൽ കമ്ര.