ഇറാനിയൻ സംവിധായകൻ ദാരിയുഷ് മെഹർജുയിയും ഭാര്യയും കുത്തേറ്റുമരിച്ച നിലയിൽ

പ്രശസ്ത ഇറാനിയൻ സംവിധായകൻ ദാരിയുഷ് മെഹർജുയി (83) യും ഭാര്യ വഹീദ മൊഹമ്മദീഫാറും സ്വവസതിയിൽ കുത്തേറ്റുമരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം. കൃത്യത്തിന് പിന്നിൽ ആരെന്ന് വ്യക്തമായിട്ടില്ല. കഴുത്തിലാണ് ദാരിയുഷിനും വഹാദയ്ക്കും കത്തികൊണ്ടുള്ള മുറിവേറ്റതെന്ന് നീതിന്യായ വകുപ്പ് ഉദ്യോഗസ്ഥൻ ഹൊസ്സേൻ ഫസേലിയെ ഉദ്ധരിച്ചുകൊണ്ട് ഐ.ആർ.എൻ.എ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കഴുത്തിൽ മുറിവേറ്റ നിലയിൽ ഇരുവരുടേയും മൃതദേഹങ്ങൾ കാണപ്പെടുകയായിരുന്നെന്ന് ഹൊസ്സേൻ ഫസേലി പറഞ്ഞു.

ടെഹ്‌റാനിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് ദാരിയുഷും വഹീദയും താമസിക്കുന്നത്. സംവിധായകന്റെ മകൾ മോനാ മെഹറുജി പിതാവിനെ കാണാൻ ശനിയാഴ്ച രാത്രി വീട്ടിലെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചനിലയിൽ മൃതദേഹങ്ങൾ കണ്ടത്. ഇവരാണ് വിവരം പോലീസിൽ അറിയിച്ചത്. ജീവന് ഭീഷണിയുള്ളതായി വഹീദ ഈയിടെ സോഷ്യൽ മീഡിയയിൽ വ്യക്തമാക്കിയിരുന്നു.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. എന്നാൽ എന്താണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് സംബന്ധിച്ച് ഇപ്പോൾ വിവരങ്ങളൊന്നും ഇല്ലെന്നാണ് പൊലീസ് പറയുന്നത്. 1970-കളിൽ ഇറാനിലെ നവതരംഗ സിനിമകൾക്ക് തുടക്കംകുറിച്ചയാളെന്ന നിലയിൽ പ്രശസ്തനായിരുന്നു മെഹർജുയി. റിയലിസമായിരുന്നു മെഹർജുയി ചിത്രങ്ങളുടെ മുഖമുദ്ര. 1960-കളിൽ ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിൽ നിന്നായിരുന്നു സിനിമാ പഠനം. 2015ൽ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ സമഗ്ര സംഭവാനയ്ക്കുള്ള അവാർഡ് നൽകി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *