തനിക്കെതിരേ സ്റ്റാൻഡ്അപ് കൊമേഡിയൻ കുനാൽ കമ്ര നടത്തിയ പരാമർശത്തെത്തുടർന്നുള്ള വിവാദങ്ങളിൽ മറുപടിയുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ. ആക്ഷേപഹാസ്യങ്ങൾക്ക് ഒരുപരിധി വേണമെന്ന് ബിബിസി മറാഠി സംഘടിപ്പിച്ച ഒരു പരിപാടിയിൽ അദ്ദേഹം പ്രതികരിച്ചു. പരാമർശങ്ങളിൽ മാന്യതവേണമെന്നും ഇല്ലെങ്കിൽ അടിക്ക് തിരിച്ചടി നേരിടേണ്ടിവരുമെന്നും ഷിന്ദേ പറഞ്ഞു.
‘അഭിപ്രായസ്വാതന്ത്രമുണ്ട്. ആക്ഷേപഹാസ്യം മനസിലാവും. എന്നാൽ, അതിനൊരു പരിധി വേണം. ഇത് ഒരാൾക്കെതിരെ സംസാരിക്കാൻ കരാറെടുത്തത് പോലെയാണ്. ആ വ്യക്തിയും ഒരു മാന്യത പാലിക്കണം, അല്ലെങ്കിൽ അടിക്ക് തിരിച്ചടിയുണ്ടാവും’, എന്നായിരുന്നു ഷിന്ദേയുടെ വാക്കുകൾ.
ഇതേ വ്യക്തി നേരത്തെ സുപ്രീംകോടതിക്കും പ്രധാനമന്ത്രിക്കും ചില വ്യവസായികൾക്കുമെതിരെ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. ഇത് അഭിപ്രായസ്വാതന്ത്ര്യമല്ല, മറ്റാർക്കോവേണ്ടി പ്രവർത്തിക്കുന്നത് പോലെയാണെന്നും ഷിന്ദേ കൂട്ടിച്ചേർത്തു. ഞായറാഴ്ചയാണ് കുനാൽ ‘നയാ ഭാരത്’ എന്ന തന്റെ കോമഡി സീരീസ് യുട്യൂബിൽ അപ്ലോഡ് ചെയ്തത്. സ്റ്റാൻഡ്അപ് കോമഡി അവതരണത്തിനിടെ പ്രശസ്തമായ ഒരു ഹിന്ദി ചലച്ചിത്രഗാനത്തിന്റെ പാരഡി അവതരണത്തിലൂടെ ഷിന്ദേയെ കളിയാക്കുകയും ‘ചതിയൻ’ എന്ന് പരാമർശിക്കുകയുമായിരുന്നു. ഇതിനെതിരെ ഏക്നാഥ് ഷിന്ദേയുടെ ശിവസേന രംഗത്തെത്തി. ശിവസേന എംഎൽഎയുടെ പരാതിയിൽ കുനാലിനെതിരെ പോലീസ് കേസെടുത്തു.
പരിപാടിയുടെ റെക്കോഡിങ് നടന്ന ഹാബിറ്റാറ്റ് സ്റ്റുഡിയോ ശിവസേന പ്രവർത്തകർ ആക്രമിച്ചു. സ്റ്റുഡിയോ പ്രവർത്തിച്ച കെട്ടിടത്തിന്റെ ഒരു ഭാഗം അനധികൃതമായി നിർമിച്ചതാണെന്ന് കാണിച്ച് മുംബൈ കോർപ്പറേഷൻ തിങ്കളാഴ്ച പൊളിച്ചുനീക്കി. മുതിർന്ന ശിവസേന നേതാക്കൾ കുനാലിനെതിരെ പരസ്യഭീഷണി മുഴക്കിയിരുന്നു. കോടതി പറഞ്ഞാലേ മാപ്പുപറയൂ എന്നാണ് കുനാലിന്റെ മറുപടി.