തൃശൂർ അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച വാഴച്ചാൽ സ്വദേശികളായ അംബിക (30), സതീഷ് (34) എന്നിവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് കലക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. ഈ സംഭവത്തിന് തൊട്ടുമുമ്പ് പ്രദേശത്ത് ഉണ്ടായ കാട്ടാന ആക്രമണത്തിൽ സെബാസ്റ്റ്യൻ (20) എന്നയാളും മരിച്ചിരുന്നു.
അദ്ദേഹത്തിൻറെ കുടുംബത്തിനും സർക്കാർ 10 ലക്ഷം രൂപ നൽകും. മരിച്ചവരുടെ വീട്ടുകൾ കലക്ടർ സന്ദർശിക്കുകയും മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. മരിച്ചവരുടെ ബന്ധുക്കൾക്ക് അടിയന്തര ധനസഹായമായി നിലവിൽ അഞ്ച് ലക്ഷം രൂപ കൈമാറിയിട്ടുണ്ട്.
മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് ഫോറസ്റ്റ് വകുപ്പിൽ താൽക്കാലിക ജോലി നൽകുന്നതിന് സർക്കാരിന് ശുപാർശ നൽകുമെന്നും കലക്ടർ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എത്തിച്ച ജില്ലാ ആശുപത്രിയും കലക്ടർ സന്ദർശിച്ചു. മരിച്ചവരുടെ ബന്ധുക്കളുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.