അട്ടപ്പാടിയിലെ ആദിവാസി ഭൂമി; അന്വേഷണം പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്ന് മന്ത്രി കെ. രാജൻ

അട്ടപ്പാടിയിലെ ആദിവാസി ഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തത് സംബന്ധിച്ച പരാതിയിന്മേൽ അന്വേഷണം പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്ന് മന്ത്രി കെ. രാജൻ നിയമസഭയെ രേഖാമൂലം അറിയിച്ചു. റവന്യൂ മന്ത്രി, ലാൻഡ് റവന്യൂ കമീഷണർ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവർക്കാണ് ആദിവാസികൾ നൽകിയ പരാതി നൽകിയത്. പരാതികളിന്മേൽ നടപടി സ്വീകരിക്കുന്നതിനായി പാലക്കാട് കലക്ടർക്ക് കൈമാറിയെന്നും കെ.കെ രമയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി. കോട്ടത്തറ വില്ലേജിലെ വൻതോതിലുള്ള ആദിവാസി ഭൂമി കൈയേറ്റം തടയണമെന്നും വിവിധ ട്രസ്റ്റുകളുടെയും സൊസൈറ്റികളുടെയും പേരിൽ അട്ടപ്പാടിയിൽ ഭൂമിക്ക് വ്യാജരേഖയുണ്ടാക്കിയതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.

ആദിവാസികളുടെ കുടുംബഭൂമികൾ അടിയന്തരമായി അളന്നു തിരിച്ച് രേഖകൾ നൽകണം. അതിനുവേണ്ടിവരുന്ന ചെലവ് സർക്കാർ ഉത്തരവ് പ്രകാരം പട്ടികവർഗ്ഗ വകുപ്പ് നേരിട്ട് രജിസ്ട്രേഷൻ വകുപ്പിന് നൽകണമെന്നും ആദിവാസികളുടെ ഭൂമിയിൽ കൃഷി ചെയ്യാൻ വേണ്ടി ട്രൈബൽ ഫണ്ട് (ടി.എസ്.പി) ഉപയോഗിച്ച് വാങ്ങിയ പമ്പ് സെറ്റുകൾ ഒന്നും പ്രവർത്തിക്കുന്നില്ല. ഇതിലെ അഴിമതി അന്വേഷിക്കണം. ഇവ ആദിവാസികളുടെ കൃഷിക്ക് ഉപയോഗിക്കുന്നത് രീതിയിൽ പ്രവർത്തനക്ഷമമാക്കണമെന്നും ആദിവാസികൾ പരാതിയിൽ രേഖപ്പെടുത്തി.

ആദിവാസികൾക്ക് ഗുണകരമല്ലാത്ത അട്ടപ്പാടി കോർപ്പറേറ്റീവ് സൊസൈറ്റിയിലെ ഭൂമികൾ അതിലെ അവകാശികൾക്കു വീതിച്ചു നൽകണം, 1. ടി.എൽ.എ ഭൂമികൾ ആദിവാസികൾക്ക് വിട്ടു നൽകണമെന്നും വ്യാജ ആധാരങ്ങൾ ശാസ്ത്രീയമായി പരിശോധിച്ച് അവയുടെ ഉറവിടം കണ്ടെത്തി, വ്യാജരേഖ ഉണ്ടാക്കിയവർക്കെതിരെ നടപടി സ്വീകരിക്കുന്നതിനും അട്ടപ്പാടിയിലെ ഭൂമി കൈയ്യേറ്റം തടയുന്നതിനുമായി സമഗ്ര അന്വേഷണത്തിന് സർക്കാർ ഉത്തരവിടണമെന്നും ആവശ്യപ്പെട്ടു.

അട്ടപ്പാടിയിൽ ചാലക്കുടി സനാതന ധർമ്മ ട്രസ്റ്റ്, അഗ്രി ഫാം, പാലാരിവട്ടം നവജീവൻ ചാരിറ്റബിൾ ട്രസ്റ്റ്, വിദ്യാധിരാജ ട്രസ്റ്റ്, കോട്ടത്തറ അഗ്രി ഫാമിങ് സൊസൈറ്റി എന്നിവയുടെ പേരിൽ ഭൂമി കൈയേറ്റം നടന്നുവെന്നാണ് പരാതിയിൽ ചൂണ്ടിക്കാണിച്ചു. ആദിവാസികൾ അല്ലാത്തവർക്ക് നികുതി രസീതും കൈവശരേഖയും നൽകരുതെന്നും പൊലീസ് സാന്നിധ്യത്തിൽ ആദിവാസികളെ ഭീഷണിപ്പെടുത്തി ഭൂമി കൈയേറുന്നത് തടയണമെന്നും ആവശ്യപ്പെട്ടു.

ആദിവാസികൾക്ക് അനുകൂലമായി വിധിയായ ടി.എൽ.എ കേസുകളിൽ സമയക്രമം അനുസരിച്ച് നടപടി പൂർത്തിയാക്കണം, ടി.എൽ.എ കേസിൽ ആദിവാസികൾക്ക് നഷ്ടമായ ഭൂമിക്ക് പകരം കൃഷിയോഗ്യവും വാസയോഗ്യവുമായ ഭൂമി നൽകാൻ നടപടി സ്വീകരിക്കണം, ആദിവാസി ഭൂമി അളന്നു തിരിച്ച് ഭൂരേഖകൾ നൽകുന്നതിന് അട്ടപ്പാടിയിൽ സ്പെഷ്യൽ ഓഫീസറെ നിയമിക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കണം, ദേശീയ അവാർഡ് നേടിയ നഞ്ചിയമ്മ ഉൾപ്പടെയുള്ള ആദിവാസികളുടെ ഭൂമിക്ക് വ്യാജരേഖ ഉണ്ടാക്കുന്നവരെ സഹായിക്കുന്ന ഉദ്യോഗസ്ഥരുടെയും പൊതുപ്രവർത്തകരുടെയും പേരിൽ പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധന നിയമ പ്രകാരം കേസെടുക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ആദിവാസികൾ ഉന്നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *