45-ാമത് കേരള ഫിലിം ക്രിട്ടിക്സ് പുരസ്‌കാരങ്ങൾ സമ്മാനിച്ചു. കൃഷാന്ത് നിർമിച്ച് സംവിധാനം ചെയ്ത ‘ആവാസവ്യൂഹ’മാണ് മികച്ച സിനിമ. മികച്ച ചിത്രത്തിൻറെ സംവിധായകനുള്ള ബഹുമതി കൃഷാന്തിന് ലഭിക്കും. മാർട്ടിൻ പ്രകാട്ട് ആണ് മികച്ച സംവിധായൻ. ദുൽഖർ സൽമാൻ മികച്ച നടനായും, ദുർഗ കൃഷ്ണ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. കുറുപ്പ്, സല്യൂട്ട് എന്നീ ചിത്രങ്ങളിലെ അഭിനയമാണ് ദുൽഖറിനെ അവാർഡിന് അർഹനാക്കിയത്. ഉടൽ എന്ന സിനിമയിൽ മികവുറ്റ അഭിനയം കാഴ്ചവച്ചതിനാണ് ദുർഗയ്ക്ക് പുരസ്‌കാരം ലഭിച്ചത്. ഭർത്താവും നിർമാതാവുമായ അർജുൻ രവീന്ദ്രനൊപ്പമാണ് നടി ചടങ്ങിനെത്തിയത്.
മുതിർന്ന സംവിധായകൻ ജോഷിക്കാണ് സമഗ്ര സംഭാവനകൾക്കുള്ള ചലച്ചിത്ര പുരസ്‌കാരം. സുരേഷ് ഗോപി, ക്രിട്ടിക്സ് റൂബി ജൂബിലി അവാർഡിനും അർഹനായി. പ്രിയങ്ക നായർ അഭിനയ മികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം നേടി ചിത്രം ആ മുഖം. ഭീമൻ രഘു (കാളച്ചേകോൻ), വിഷ്ണു ഉണ്ണികൃഷ്ണൻ (രണ്ട്, റെഡ് റിവർ), കലാഭവൻ റഹ്‌മാൻ (രണ്ട്), ശ്രുതി രാമചന്ദ്രൻ (മധുരം), അനൂപ് ഖാലിദ് (സിക്‌സ് അവേഴ്‌സ്), രതീഷ് രവി (ധരണി) എന്നിവരും പ്രത്യേക ജൂറി പുരസ്‌കാരം നേടി.