സീരിയല്‍ രംഗത്തേക്ക് വരുമ്പോള്‍ പലര്‍ക്കുമുള്ള ആശങ്ക മാതാപിതാക്കള്‍ക്കും ഉണ്ടായിരുന്നു: സുചിത്ര നായര്‍

വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പത്മിനി (പപ്പിക്കുട്ടി) എന്ന കഥാപാത്രവുമാണ് സുചിത്ര നായര്‍ എന്ന നടിയെ ജനപ്രിയയാക്കിയത്. മൂന്നര വര്‍ഷത്തോളം വാനമ്പാടിയിലൂടെ സീരിയല്‍ രംഗത്തുനിറഞ്ഞുനിന്നു. മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബനിലൂടെ സിനിമയിലേക്ക് സ്വപ്നതുല്യമായ അരങ്ങേറ്റം. തന്റെ സീരിയല്‍ കാലത്തെ ചില വിശേഷങ്ങള്‍ പറയുകയാണ് താരം

ചിപ്പിച്ചേച്ചിയും രഞ്ജിത്ത് ചേട്ടനും നിര്‍മിച്ച വാനമ്പാടി എന്ന സീരിയലാണ് കരിയറില്‍ വഴിത്തിരിവായത്. മൂന്നര വര്‍ഷത്തോളം ഈ പരമ്പരയില്‍ അഭിനയിച്ചു. അതിന് മുമ്പ് മൂന്നു സീരിയലുകളില്‍ അഭിനയിച്ചിരുന്നു. കൃഷ്ണകൃപാസാഗരം, വിശ്വരൂപം, സത്യം ശിവം സുന്ദരം എന്നീ മൂന്നു മെഗാസീരിയലിലും ദേവിയായാണ് അഭിനയിച്ചത്. അതുകൊണ്ടു വല്ലപ്പോള്‍ മാത്രം പ്രത്യക്ഷപ്പെട്ടാല്‍ മതിയായിരുന്നു. ഒന്നോ രണ്ടോ മാസം കൂടുമ്പോള്‍ മൂന്നോ നാലോ ദിവസത്തെ ചിത്രീകരണം മാത്രമേ ഉണ്ടായിരുന്നുള്ളു.

സീരിയല്‍ രംഗത്തേക്ക് ഞാന്‍ വരുന്ന കാലത്ത് മാതാപിതാക്കള്‍ക്ക് ചെറിയ ആശങ്കയുണ്ടായിരുന്നു. ഈ ഇന്‍ഡസ്ട്രിയെക്കുറിച്ചു പൊതുവേ പലര്‍ക്കുമുള്ള ആശങ്കകള്‍ അവര്‍ക്കുമുണ്ടായിരുന്നു. വാനമ്പാടിയിലൂടെ എനിക്കു പ്രേക്ഷകരില്‍നിന്നു കിട്ടിയ പിന്തുണ അതിശയിപ്പിക്കുന്നതായിരുന്നു. നെഗറ്റീവ് ടച്ചുള്ള വേഷം ആയിട്ടു പോലും മിക്കവരും എന്നെ ഇഷ്ടപ്പെട്ടു. ആ സമയത്ത് ഒട്ടേറെ പൊതുപരിപാടികള്‍ക്കും ഉദ്ഘാടനങ്ങള്‍ക്കുമൊക്കെ ആളുകള്‍ വിളിക്കുമായിരുന്നു. എന്നോടൊപ്പം അച്ഛനും അമ്മയും വരും. അങ്ങനെ ചെല്ലുന്നിടങ്ങളിലെ ആളുകളുടെ സ്നേഹമൊക്കെ കണ്ടാണ് അവരുടെ ആശങ്ക മാറിയത്- സുചിത്ര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *