സീമയോടുള്ള പ്രണയം ഐ.വി. ശശി ആദ്യം പറയുന്നത് കമൽഹാസനോട്

ഐ.വി. ശശി-സീമ പ്രണയം സിനിമയിലെ ചൂടേറിയ ചർച്ചകളിലൊന്നായി മാറിയ കാലം. അസുഖമായി ശശി ചെന്നൈയിലെ ആശുപത്രിയിൽ കിടക്കുമ്പോൾ ഒപ്പമുണ്ടായിരുന്നത് അമ്മയാണ്. മയക്കത്തിനിടയിൽ എപ്പോഴൊക്കെയോ ശശി സീമയുടെ പേര് ഉച്ചരിച്ചത് അമ്മ ശ്രദ്ധിച്ചിട്ടുണ്ടാകണം. ആശുപത്രിവിട്ട ശേഷം അമ്മ ചോദിച്ചു- മോന് സീമയെ അത്രക്കിഷ്ടമാണോ? അതെ എന്ന് ശശിയുടെ മറുപടി.

സീമയോടുള്ള പ്രണയം ഐ.വി. ശശി ആദ്യം പറയുന്നത് പ്രിയ സുഹൃത്തുക്കളിൽ ഒരാളായ കമൽഹാസനോടാണ്. വളരെ സന്തോഷത്തോടുകൂടിയുള്ള കമലിന്റെ മറുപടി ഇങ്ങനെ: ” നന്നായി ശശി, ശാന്തി പാവം കുട്ടിയാണ്”. കമലും സീമയും ചോപ്രാമാഷിന്റെ കീഴിൽ നൃത്തപരിശീലനം നേടിയവരാണ്. ആ കാലം മുതൽ സീമയെ കമലിന് അടുത്തറിയാം. സിനിമയിൽ ഏതാണ്ട് ഒരുവിധം പേർക്ക് ഞങ്ങൾ തമ്മിലുള്ള റിലേഷൻഷിപ്പ് അറിയാമായിരുന്നു. അതുകൊണ്ട് സീമയ്ക്ക് ഒരുപാടു ഗുണങ്ങളുമുണ്ടായി. ആരും മോശമായ രീതിയിൽ അവളോടു പെരുമാറിയിട്ടില്ല. അങ്ങനെ പെരുമാറാൻ ശ്രമിച്ചവർക്ക് അവൾ കണക്കിനു കൊടുത്തിട്ടുമുണ്ട്.

സീമയുടെ അമ്മയ്ക്ക് ജ്യോതിഷത്തിൽ വലിയ വിശ്വാസമായിരുന്നു. പ്രശ്നം വപ്പിച്ചപ്പോൾ മകൾക്ക് സെപ്റ്റംബറിൽ വിവാഹം നടന്നില്ലെങ്കിൽ മൂന്നുവർഷത്തേക്കു വിവാഹം നടക്കില്ലെന്നു പറഞ്ഞുവത്രെ. ഒരു ദിവസം രാവിലെ മഹാലിംഗപുരത്തെ ഐ.വി. ശശിയുടെ വീട്ടിൽ സീമ ചെന്നു. എന്നിട്ടു പറഞ്ഞു: ശശിയേട്ടൻ എന്നെ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ പെട്ടെന്നു വേണം. അല്ലെങ്കിൽ എന്നെ വിട്ടേക്കണം. അത് സീമയുടെ അപേക്ഷയൊന്നുമായിരുന്നില്ല. പക്ഷേ, ഏറെ തിരക്കുണ്ടായിട്ടും സീമയുടെ വാക്കുകൾ ശശി കാര്യമായെടുത്തു. ജാതകമോ, സമയമോ ഒന്നും അവർ നോക്കിയില്ല. ഒരു തീയതി ഉറപ്പിച്ച് വിവാഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *