താരങ്ങൾ പ്രതിഫലം കൂട്ടുന്നത് കൊണ്ട് മാത്രം സിനിമ പരാജയപ്പെടുന്നു എന്ന നിർമാതാക്കളുടെ സംഘടനയുടെ വാദം സത്യമല്ലെന്ന് നടൻ ജയൻ ചേർത്തല. ഓരോ സിനിമ തുടങ്ങുന്നതിന് മുമ്പും പ്രതിഫലം ഉറപ്പിച്ചിട്ടാണ് നിർമ്മാതാക്കൾ സിനിമ എടുക്കുന്നത്.
എല്ലാ സിനിമയും വിജയിക്കണമെന്ന് നിർബന്ധം പിടിക്കാനാകില്ല. അമ്മയുടെ അംഗങ്ങൾ പണിക്കാരെ പോലെ ഒതുങ്ങി നിൽക്കണം എന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിലപാട്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ജയൻ ചേർത്തല പറഞ്ഞു.
താരങ്ങൾ പ്രതിഫലം കൂട്ടുന്നത് കൊണ്ടാണ് സിനിമ പരാജയപ്പെടുന്നതെന്ന സുരേഷ്കുമാർ വാദം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും ജയൻ പറഞ്ഞു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അമ്മ കടമായി ഒരു കോടി നൽകിയിരുന്നു. ഇപ്പോഴും 40 ലക്ഷം രൂപ തരാനുണ്ട്.
അമ്മയുടെ താരങ്ങളെ വെച്ച് സിനിമ നിർമ്മിച്ച് കോടികൾ സ്വന്തമാക്കിയവരാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ താരങ്ങൾ സിനിമ നിർമ്മിക്കരുത് എന്ന വാദം ശരിയല്ല. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നഷ്ടം തീർക്കാനായി അമ്മയിലെ താരങ്ങൾ ഷോയ്ക്ക് തയ്യാറായെന്നും ജയൻ കൂട്ടിച്ചേർത്തു.
സിനിമ കൂട്ടായ്മയാണെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഉന്നയിച്ചത് തെറ്റായ കാര്യങ്ങങ്ങളാണെന്നും ‘അമ്മ നാഥൻ ഇല്ല കളരി’ എന്ന പ്രസ്താവന ശുദ്ധമായ വിവരക്കേടാണെന്നും താരം അഭിപ്രായപ്പെട്ടു.