സമൂഹത്തിലെ അക്രമങ്ങള്‍ക്കു കാരണം സിനിമയാണെന്ന് പറയുന്നത് അസംബന്ധം; ഇത് പരാജയപ്പെട്ട സിസ്റ്റത്തിന്റെ ജാമ്യമെടുക്കൽ; ഫെഫ്ക

സമൂഹത്തിലെ അക്രമങ്ങള്‍ക്കു കാരണം സിനിമയാണെന്ന് പറയുന്നത് അസംബന്ധമെന്ന് സംവിധായകരുടെ സംഘടനയായ ഫെഫ്ക. സമൂഹത്തിന്റെ പരിച്ഛേദമാണ് സിനിമ. പുരുഷാധിപത്യവും സ്ത്രീധനപീഡനങ്ങളും രാഷ്ട്രീജീര്‍ണതയും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളും സിനിമ ഉത്പാദിപ്പിച്ചതാണോ എന്നും ഫെഫ്ക പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ചോദിക്കുന്നു. നമ്മളില്‍ ഭൂരിപക്ഷത്തിനും പോലീസ് പറയുന്ന കാര്യങ്ങള്‍ വെട്ടിവിഴുങ്ങാനാണ് താല്‍പര്യം. വിഷ്ണുപ്രിയയുടെ കൊലപാതകത്തിന് കാരണമായത് ‘അഞ്ചാംപാതിര’ എന്ന സിനിമയാണത്രേ. ദൃശ്യം-1, ദൃശ്യം-2 പോലുള്ള സിനിമകള്‍ വേറെയും ചില കൊലപാതകങ്ങള്‍ക്ക് പ്രേരണയായയെന്ന് വിമര്‍ശിക്കപ്പെടുന്നു. ഇപ്പോള്‍ ‘മാര്‍ക്കോ’യ്ക്ക് എതിരെയും ഉയരുന്നു ഇത്തരം ആക്ഷേപങ്ങള്‍. ഇത്തരം സിനിമകള്‍ക്ക് ആധാരമായ ആശയങ്ങള്‍ കണ്ടെത്തുന്നത് സമൂഹത്തില്‍ നിന്നാണെന്ന് മറക്കരുത്.

മലയാള സിനിമയില്‍ ഏറ്റവും ജനസമ്മതിയുള്ള നടനെ കൊണ്ട് ‘നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്’ എന്ന് വന്‍വിജയം നേടിയ രണ്ടു സിനിമകളില്‍ പറയിച്ചത് ഞങ്ങളുടെ സഹപ്രവര്‍ത്തകരായ എഴുത്തുകാരും സംവിധായകരുമാണ്. തിയറ്ററില്‍ പ്രകമ്പനം സൃഷ്ടിച്ച ഈ രംഗങ്ങള്‍ക്കില്ലാത്ത സ്വാധീനശക്തി മറ്റു ചില പ്രത്യേക രംഗങ്ങള്‍ക്കുണ്ടെന്ന് പറയുന്നത് ഇരട്ടത്താപ്പും ലഹരിയുടെ കുത്തൊഴുക്കിനെ തടയുന്നതില്‍ പരാജയപ്പെട്ട സിസ്റ്റത്തിന്റെ ജാമ്യമെടുക്കലാണ്. ഫെഫ്ക പറയുന്നു.

സിനിമയുടെ സെന്‍സറിങ് ശക്തമാക്കണമെന്ന വാദത്തെയും ഫെഫ്ക വാര്‍ത്താക്കുറിപ്പില്‍ വിമര്‍ശിക്കുന്നുണ്ട്. ഒരു കലാസൃഷ്ടി ഈ അച്ചിലേ വാര്‍ക്കപ്പെടാന്‍ പറ്റൂ എന്ന് കരുതുന്നവരെയാണ് ഫാസിസ്റ്റുകള്‍ എന്ന് വിളിക്കുന്നത്. സല്‍മാന്‍ റുഷ്ദിയുടെ പുസ്തകം മതമൗലികവാദികള്‍ നിരോധിച്ചതിനെയും എം.മുകുന്ദന്റെ കൃതികളാണ് ഭാംഗും ചരസും കഞ്ചാവുമൊക്കെ നമ്മുടെ യുവാക്കള്‍ക്ക് പരിചയപ്പെടുത്തിയത് എന്ന വാദത്തെയും അംഗീകരിക്കാനാവുമോ? ക്വിന്റന്‍ ടരന്റിനോയുടെയും മിഖേല്‍ ഹനെകെയുടെയുമൊക്കെ സിനിമകളാണോ അമേരിക്കന്‍ കുട്ടികളില്‍ അക്രമവാസന ഉണ്ടാക്കിയത്?. വയലന്‍സിനെ ആനന്ദത്തിനുള്ള ഉപാധിയെന്ന നിലയില്‍ അവതരിപ്പിക്കപ്പെടുന്നത് വിമര്‍ശിക്കപ്പെടേണ്ടതുണ്ട്. ജനാധിപത്യപരമായ അത്തരം സംവാദങ്ങള്‍ സ്വാഗതം ചെയ്യുന്നെന്നും ഒരു കലാരൂപമെന്ന നിലയില്‍ സിനിമ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നത് മനുഷ്യപക്ഷത്തിന്റെ രാഷ്ട്രീയമാണെന്നും വ്യക്തമാക്കിയാണ് വാര്‍ത്താക്കുറിപ്പ് അവസാനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *