പലകാര്യങ്ങളിലും തന്റെ നിലപാട് തുറന്നുപറയാൻ നടി പാർവതി തിരുവോത്ത് മടിക്കാറില്ല. ഡബ്ല്യുസിസിയുടെ രൂപീകരണത്തിനും മഞ്ജു വാര്യയും പാർവതിയുമെല്ലാം തന്നെ മുന്നിൽ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ മഞ്ജു വാര്യരും വിധു വിൻസെന്റും സംഘടനയിൽ സജീവമല്ല. അത് എന്താണെന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് പാർവതി. അവരോടുള്ള ചോദ്യങ്ങൾ അവരോട് തന്നെ ചോദിക്കണമെന്നായിരുന്നു നടിയുടെ പ്രതികരണം.
ദി ന്യൂ ഇൻഡ്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് പാർവതി ഇക്കാര്യം വ്യക്തമാക്കിയത്. ‘അത് നിങ്ങൾ അവരോട് തന്നെ ചോദിക്കണം. കാരണം അതിനെക്കുറിച്ച് സംസാരിക്കേണ്ട ആൾ ഞാനല്ല. എല്ലായ്പ്പോഴും ഇത്തരം ചോദ്യങ്ങൾ എന്നോട് തന്നെയാണ് ചോദിക്കുന്നത്. എന്നാൽ അത് ശരിയല്ല. അവരോടല്ലേ ഇത് ചോദിക്കേണ്ടത്. നിങ്ങൾക്ക് അവരുടെ അഭിമുഖങ്ങൾ ലഭിക്കില്ല എന്നൊന്നും ഇല്ലല്ലോ? നിങ്ങൾ അവരോട് ചോദിക്കുമ്പോൾ അവർ എന്ത് മറുപടിയാണ് നൽകുന്നതെന്ന് അറിയാൻ എനിക്കും ആഗ്രഹമുണ്ട്. ഒരു പ്രത്യേക വ്യക്തിയോട് മാത്രമല്ല ഞാനിത് പറയുന്നത്. മുഴുവൻ മാധ്യമങ്ങളോടുമാണ്. എനിക്ക് ഉത്തരം അറിയാത്ത കാര്യങ്ങൾ എന്നോട് തന്നെ ചോദിച്ചുകൊണ്ടിരിക്കുന്നത് എന്തിനാണ്. സത്യം പുറത്തുകൊണ്ടുവരേണ്ടതാണ്. എനിക്ക് ആരോടും ഒരു ബാദ്ധ്യതയുമില്ല. എനിക്ക് എന്റെ സത്യങ്ങൾ മാത്രമാണ് പറയാൻ കഴിയുക. മറ്റൊരാളുടെ സത്യം അറിയാൻ എന്നോട് ചോദിക്കുന്നത് ന്യായമല്ല’,- പാർവതി പറഞ്ഞു.