സണ്ണി ഡിയോൾ മുംബൈ തെരുവുകളിലൂടെ അടിച്ചു ഫിറ്റ് ആയി കറങ്ങി നടക്കുകയാണോ?; വീഡിയോയുടെ സത്യമെന്ത്

ബോളിവുഡിലെ സൂപ്പർ താരങ്ങളിലൊരാളായ സണ്ണി ഡിയോൾ മുംബൈ ജുഹു സർക്കിളിലൂടെ മദ്യപിച്ചു ലക്കുകെട്ട് നടക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. ഇന്നലെയാണ് താരത്തെ അടിച്ചു ഫിറ്റ് ആയി കണ്ടത്. ബ്ലോക്ക്ബസ്റ്റർ ചിത്രമായ ഗദർ- 2ൻറെ വിജയഘോഷങ്ങൾ അലതല്ലുന്ന സാഹചര്യത്തിൽ ഇങ്ങനെയൊരു വീഡിയോ പുറത്തുവന്നത് നടനു ചീത്തപ്പേരായി എന്ന് ആരാധകർ പറയുന്നു.

മുംബൈയിലെ ജുഹു സർക്കിളിൽ മദ്യപിച്ചനിലയിലാണ് താരത്തെ കണ്ടതെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വീഡിയോ പങ്കിട്ട ഒരു നെറ്റിസൺ അവകാശപ്പെട്ടു. വീഡിയോയിൽ, വെള്ള ഷർട്ടും ജീൻസും ധരിച്ച സണ്ണി റോഡിൻറെ നടുവിലൂടെ പതറി നടക്കുകയാണ്. മുഖത്ത് ഒരു പ്രത്യേക പുഞ്ചിരിയും കാണാം. താരം ലെക്കുകെട്ട അവസ്ഥയിൽ നടുറോഡിൽ നിന്ന് ആടുന്‌പോൾ ഒരു ഓട്ടോറിക്ഷ അടുത്തെത്തുന്നതും ഡ്രൈവർ അദ്ദേഹത്തെ ഓട്ടോയിൽ കയറ്റി അവിടെനിന്നു പോകുന്നതുമാണ് വീഡിയോയിലുള്ളത്.

വീഡിയോ വൈറൽ ആയതോടെ, താരം ശരിക്കും മദ്യപിച്ചിരുന്നോ, അതോ ഏതെങ്കിലും ചിത്രത്തിൻറെ ഷൂട്ടിംഗ് ആണോ എന്ന് ആരാധകർ സംശയിച്ചു. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സണ്ണിക്കെതിരേ വിദ്വേഷം പ്രചരിപ്പിക്കാനുമുള്ള ലക്ഷ്യത്തോടെയാണ് വീഡിയോ പങ്കിട്ടതെന്ന് തുറന്നടിച്ച് ആരാധകർ രംഗത്തെത്തി. ശശാങ്ക് ഉദ്രാപുർക്കർ സംവിധാനം ചെയ്യുന്ന സഫറിൻറെ ഷൂട്ടിംഗിനിടെ ചിത്രീകരിച്ച വീഡിയോ ആണിതെന്ന് പിന്നീട് തിരിച്ചറിഞ്ഞു.

നേരത്തെ അഭിമുഖത്തിൽ താൻ ഒരു ‘കുടിയൻ’ അല്ലെന്നും ആളുകൾ എങ്ങനെ മദ്യം ഇഷ്ടപ്പെടുന്നുവെന്നും സഹിക്കുന്നുവെന്നും തനിക്കു മനസിലാക്കാൻ കഴിയില്ലെന്നും സണ്ണി ഡിയോൾ പറഞ്ഞതു ശ്രദ്ധേയമാണ്. വർഷങ്ങൾക്ക് മുമ്പ് ഇംഗ്ലണ്ട് സന്ദർശിച്ചപ്പോൾ ‘ഇംഗ്ലീഷ് സമൂഹവുമായി പൊരുത്തപ്പെടാൻ’ താൻ ആദ്യമായി മദ്യം പരീക്ഷിച്ചതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു, എന്നാൽ അത് തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നും താരം പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *