‘ഷൂട്ടിംഗ് തുടങ്ങിയപ്പോൾ ബോറടിച്ചു; സൂര്യക്ക് അങ്ങോട്ട് അയച്ചതാണ്, പിന്മാറാനും പറ്റില്ല’; റോഷൻ ആൻഡ്രൂസ്

സംവിധാന രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാൻ കഴിഞ്ഞ വ്യക്തിയാണ് റോഷൻ ആൻഡ്രൂസ്. കരിയറിലെ ഹിറ്റ് സിനിമകളെക്കുറിച്ചും പരാജയ സിനിമകളെക്കുറിച്ചും സംസാരിക്കുകയാണ് റോഷൻ ആൻഡ്രൂസ്. റേഡിയോ മാംഗോയുമായുള്ള അഭിമുഖത്തിലാണ് സംവിധായകൻ മനസ് തുറന്നത്. നോട്ട്ബുക്ക് ഇറങ്ങിയ സമയത്ത് തിയറ്റിൽ കൂവൽ കേട്ടതിനെക്കുറിച്ച് റോഷൻ ആൻഡ്രൂസ് സംസാരിച്ചു. ഏറ്റവും കൂടുതൽ കൂവൽ കിട്ടിയ സംവിധായകൻ ഞാനായിരിക്കുമെന്ന് പറയാറുണ്ട്. ആ ദിവസം ഇപ്പോഴും ഓർമ്മയുണ്ട്. എന്റെ ഭാര്യ പൂർണ ഗർഭിണിയാണ്.

ഞങ്ങൾ ഒരുമിച്ചാണ് പടം കാണാൻ പോയത്. കല്യാണം കഴിഞ്ഞ് പുള്ളിക്കാരിയുടെ കൂടെ ആദ്യത്തെ സിനിമ കാണലാണ്. മൊത്തം കൂവലെന്ന് പറഞ്ഞാൽ ടൈറ്റിൽ കൊടുക്കുന്നത് തൊട്ട് കൂവലായിരുന്നു. അത് ഞാൻ മേടിച്ചു. ജീവിതം കഴിഞ്ഞെന്നോർത്തു. പതുക്കെ പതുക്കെ ആളുകൾ ആ സിനിമയെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി. ഫിലിം മേക്കേർസ് സംസാരിച്ചു.

പൃഥിരാജാണ് ആദ്യം വിളിക്കുന്നത്. രഞ്ജിത് സർ, സത്യൻ അന്തിക്കാട് സർ, ജയരാജ് സർ എന്നിങ്ങനെ ഒരുപാട് ഫിലിം മേക്കേർസ് വിളിക്കുകയും സംസാരിക്കുകയും ചെയ്തു. ആൾക്കാർ അതിനെക്കുറിച്ച് സംസാരിച്ചു. പിന്നെ ആ സിനിമ കയറി കൊളുത്തിയെന്നും റോഷൻ ആൻഡ്രൂസ് ചൂണ്ടിക്കാട്ടി. പന്ത്രണ്ട് സിനിമകൾ ചെയ്തതിൽ മൂന്നെണ്ണം നല്ല രീതിയിൽ പൊട്ടിയിട്ടുണ്ട്. ആ ഫ്‌ലോപ്പിന് ശേഷം വരുന്ന സിനിമകൾക്ക് നല്ല രീതിയിൽ സ്വീകാര്യതയും കിട്ടിയിട്ടുണ്ട്. കാസനോവ എന്ന സിനിമ പൊട്ടിയിട്ടാണ് മുംബൈ പൊലീസ് വരുന്നത്.

സ്‌കൂൾ ബസ് എന്ന സിനിമയും നിർമാതാവിന് പണം പോയ ചിത്രമാണ്. അത് കഴിഞ്ഞാണ് കായംകുളം കൊച്ചുണ്ണി വരുന്നത്. കാൽക്കുലേഷനിൽ വരുന്ന തെറ്റാണ്. പരീക്ഷണമാണ്. നൂറ് ശതമാനം വിജയമാകുമെന്ന് പറഞ്ഞ് ഒരു സിനിമയുമായും വന്നിട്ടില്ല. നോട്ട്ബുക്ക് ചെയ്യാനുള്ള ഉത്തേജനം ഉദയനാണ് താരത്തിന്റെ വിജയമായിരുന്നെന്നും റോഷൻ ആൻഡ്രൂസ് വ്യക്തമാക്കി.

കാസനോവയിൽ സംഭവിച്ച പിഴവുകളെക്കുറിച്ചും സംവിധായകൻ സംസാരിച്ചു. തിരക്കഥയ്ക്ക് കൂടുതൽ വില കൊടുത്തില്ല. അടിത്തറയില്ലാതെ വീട് പണിതു. ആ തെറ്റ് എന്റെയും സഞ്ജയുടേതുമാണ്. ഞങ്ങൾ ഒരുമിച്ചെടുത്ത തീരുമാനമാണത്. അത്തരം ചില തെറ്റുകൾ ചെയ്തതിന്റെ ഫലമാണ് ആ സിനിമയുടെ തകർച്ചയെന്നും റോഷൻ ആൻഡ്രൂസ് തുറന്ന് പറഞ്ഞു.

ഹൗ ഓൾഡ് ആർയു എന്ന സിനിമ 36 വയതിനിലേ എന്ന പേരിൽ തമിഴിൽ റീമേക്ക് ചെയ്തപ്പോൾ ബോറടിച്ചിരുന്നെന്നും റോഷൻ ആൻഡ്രൂസ് തുറന്ന് പറഞ്ഞു. ഡൽഹിയിൽ ജ്യോതികയെ വെച്ച് ഷൂട്ട് ചെയ്തു. ഹൗ ഓൾഡ് ആർ യുവിൽ ചെയ്തത് തന്നെയാണ്. എനിക്ക് ബോറടിച്ചു. അത് വർക്ക് ഔട്ടാകില്ല.

തിരിച്ച് വന്നിട്ട് നാലഞ്ച് ദിവസം ഗ്യാപ്പുണ്ടായിരുന്നു. എന്ത് ചെയ്യുമെന്ന് ആലോചിക്കുകയാണ്. സൂര്യയുടെ ആദ്യത്തെ നിർമാണമാണ്. സിഡി കാണാൻ ഞാൻ തന്നെ കൊടുത്ത് വിട്ടതാണ്. ഞാൻ മാറുകയാണെന്ന് പറഞ്ഞാൽ പ്രശ്‌നമാകും. ചെയ്യാൻ തുടങ്ങിയപ്പോഴാണ് ബോറിംഗ് വന്നത്. പക്ഷെ ഡൽഹിയിലെ ഷൂട്ട് കഴിഞ്ഞ് ചെന്നൈയിലേക്ക് വന്നപ്പോൾ ചെന്നൈ കൾച്ചർ നോക്കി. അതിലേക്ക് വൈബ് ചെയ്തു. അങ്ങനെയാണ് ആ സിനിമ തീർത്തതെന്നും റോഷൻ ആൻഡ്രൂസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *