ശ്രീനാഥ് ഭാസിക്കെതിരായ പരാതി: തിങ്കളാഴ്ച ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്

ഓൺലൈൻ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടൻ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. തിങ്കളാഴ്ച ഹാജരാകാൻ നടനോട് ആവശ്യപ്പെടും. ഇതിനിടെ കേസും വിവാദങ്ങളും തങ്ങളുടെ സിനിമയെ ബാധിക്കുന്നുവെന്ന് ‘ചട്ടമ്പി’ സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചു.

കൊച്ചിയിൽ ‘ചട്ടമ്പി’ സിനിമയുടെ പ്രൊമോഷൻ ഷൂട്ടിനിടെ ഓൺലൈൻ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിലാണ് നടൻ ശ്രീനാഥ് ഭാസിക്കെതിരെ കഴിഞ്ഞ ദിവസം മരട് പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കും വിധം അപമര്യാദയായി പെരുമാറിയെന്നായിരുന്നു മാധ്യമ പ്രവർത്തകയുടെ പരാതി. ഈ പരാതിയിൽ നടനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. തിങ്കളാഴ്ച ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യാനാണ് തീരുമാനം. പരാതിക്കാരിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിൻറെ ദൃശ്യങ്ങളും പൊലീസ് ശേഖരിക്കും. അവിടുത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. 

അതേസമയം സംഭവത്തെ കുറിച്ച് വ്യത്യസ്ത നിലപാടാണ് പരാതിക്കാരിയും നടനുമായി ബന്ധപ്പെട്ടവരും സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസ് ഒരുങ്ങുന്നത്. പരാതിയിൽ പറയും പോലെ ശ്രീനാഥ് ഭാസിയിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടായെങ്കിൽ അത് അംഗീകരിക്കില്ലെന്ന് ‘ചട്ടമ്പി’ സിനിമയുടെ സംവിധായകൻ അഭിലാഷ് എസ്.കുമാർ പറഞ്ഞു. എന്നാൽ  ഇതിൻറെ പേരിൽ തൻറെ സിനിമയെ മോശമാക്കാൻ മനഃപൂർവമായ ശ്രമം നടക്കുന്നുന്നതായും സംവിധായകൻ ആരോപിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *