മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാര്‍. വിദ്യാസാഗറും എംജി ശ്രീകുമാറും മലയാളികളുടെ പ്രിയപ്പെട്ട ജോഡികളിലൊന്നാണ്. വിദ്യാജിയുടെ സംഗീതത്തില്‍ എംജി പാടിയ പല പാട്ടുകളും സൂപ്പര്‍ ഹിറ്റുകളാണ്. എന്നാല്‍ എംജിയെക്കൊണ്ട് പാടിക്കേണ്ടെന്ന് വിദ്യാസാഗര്‍ വാശി പിടിച്ച സംഭവവുമുണ്ട്. അതേക്കുറിച്ച് ഇപ്പോഴിതാ എംജി തുറന്ന് പറഞ്ഞിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് എംജിയുടെ വെളിപ്പെടുത്തല്‍. വിദ്യാസാഗറുമായുള്ള തന്റെ ഹിറ്റ് കൂട്ടുകെട്ടിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു എംജി ശ്രീകുമാര്‍. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
”മീശമാധവനില്‍ എന്നെ റെക്കോര്‍ഡിംഗിന് വിളിച്ചു. തലേദിവസം ചങ്ങനാശ്ശേരിയിലെ അമ്പലത്തില്‍ ഗാനമേളയുണ്ടായിരുന്നു. രാത്രി 12 മണി വരെ പോയി. എട്ട് മണിക്കുള്ള ഫ്‌ളൈറ്റില്‍ കയറി ഒമ്പതു മണിയാകുമ്പോള്‍ അവിടെയെത്തി, 10 മണിയാകുമ്പോഴേക്കും സ്റ്റുഡിയോയില്‍ ഓടിപ്പിടിച്ച് എത്തി. വാളെടുത്താല്‍ അങ്കക്കലി എന്ന പാട്ടാണ്. അതിലൊരു സംഗതിയുണ്ട്. എന്റെ ശബ്ദം മുഴുവന്‍ അടഞ്ഞുപോയിരിക്കുകയായിരുന്നു. അതിനാല്‍ എത്ര ശ്രമിച്ചിട്ടും അത് വരുന്നില്ല. അണ്ണാ നാളേയ്ക്ക് പോയാലോ എന്ന് ഞാന്‍ ചോദിച്ചു.” എംജി പറയുന്നു. പറ്റില്ല, ഇന്ന് തന്നെ വേണം. അര്‍ജന്റ് ഷൂട്ടിംഗാണ് ഇന്ന് തന്നെ വേണമെന്ന് നിര്‍മ്മാതാവ് പറഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തോട് ആരോ എന്തോ പറഞ്ഞു. അങ്ങനെ ഒരു തെറ്റിദ്ധാരണ വന്നു. അങ്ങനെ അദ്ദേഹം ആ പാട്ട് വിധു പ്രതാപിനെക്കൊണ്ട് പാടിച്ചു. പിന്നീട് എന്നെ വിളിച്ച് പെണ്ണേ പെണ്ണേ എന്ന പാട്ട് തന്നു. കോംപ്രമൈസ് ആയിരിക്കാമെന്നും എംജി പറയുന്നുണ്ട്. അതേസമയം, വിദ്യസാഗറിന്റെ പാട്ടുകള്‍ ന്യൂജെന്‍ സിനിമകളില്‍ വന്നാലും ക്യാച്ചിയിരിക്കുമെന്നും എംജി അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം ഈ സംഭവത്തിന് ശേഷം തന്നെക്കൊണ്ട് പാടിക്കേണ്ടെന്ന് വിദ്യാജി തീരുമാനിച്ച സംഭവവും എംജി പങ്കുവെക്കുന്നുണ്ട്.
”ദേവദൂതനില്‍ മത്താപ്പൂത്തിരി എന്ന പാട്ടുണ്ടായിരുന്നു. പക്ഷെ എന്തോ ഈ പാട്ട് ഞാന്‍ പാടണ്ട എന്ന് വിദ്യാസാഗര്‍ തീരുമാനിച്ചു. വേറെ ആരെങ്കിലും പാടിയാല്‍ മതി, ശ്രീക്കുട്ടന്‍ പാടണ്ട എന്ന് വിദ്യാസാഗര്‍ പറഞ്ഞു. ശ്രീക്കുട്ടന്‍ തന്നെ പാടിയാല്‍ മതിയെന്ന് സിബി പറഞ്ഞു. സിയാദും പറഞ്ഞു എംജി പാടിയാല്‍ മതിയെന്ന്. പക്ഷെ അദ്ദേഹം സമ്മതിക്കുന്നില്ല. അങ്ങോട്ടും ഇങ്ങോട്ടും ഒരു രീതിയിലും ചേരുന്നില്ല. ഞാന്‍ മാറിക്കോളാമെന്ന് ഞാന്‍ പറഞ്ഞു. പക്ഷെ എനിക്കവര്‍ ഫ്‌ളൈറ്റ് ടിക്കറ്റ് എടുത്തു തന്നു.” എംജി പറയുന്നു.
”വിദ്യാജിയുടെ അസിസ്റ്റന്റ് മുരുകനെ വിളിച്ചപ്പോള്‍ നാളെ ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് വന്നോളാന്‍ പറഞ്ഞു. ഞാന്‍ ചെന്നപ്പോള്‍ സ്റ്റുഡിയോയില്‍ ആരുമില്ല. ആദ്യമൊക്കെ ഞാന്‍ ചെല്ലുമ്പോള്‍ വിദ്യാജി വരികയും ഒരുപാട് തമാശ പറയുകയുമൊക്കെ ചെയ്യുമായിരുന്നു. പക്ഷെ അന്ന് ആരുമില്ല. ഞാന്‍ അന്ന് രണ്ട് രീതിയില്‍ പാടി വച്ചു. ഒരു രീതിയില്‍ പാടിയത് ഇഷ്ടമായില്ലെങ്കിലോ എന്നു കരുതിയിട്ടാണ്. വിദ്യാജിയെ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല. പക്ഷെ ആ പാട്ട് പടത്തില്‍ വന്നില്ല.” എന്നാണ് എംജി പറയുന്നത്.