വീട്ടിലെ ഭക്ഷണം ലഭ്യമാക്കാൻ അനുവദിക്കണം; ജയിൽ ഭക്ഷണം കഴിച്ച് വയറിളക്കമെന്ന് നടൻ ദർശൻ: അനുവദിക്കാനാവില്ലെന്ന് പോലീസ്

ജയിലിലെ ഭക്ഷണം വയറിളക്കമുണ്ടാക്കുന്നതിനാൽ വീട്ടിലെ ഭക്ഷണം ലഭ്യമാക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടനും രേണുക സ്വാമി കൊലക്കേസ് പ്രതിയുമായ ദർശൻ നൽകിയ ഹർജിയിൽ പോലീസ് വിസമ്മതപത്രം സമർപ്പിച്ചു.

വീട്ടിലെ ഭക്ഷണത്തോടൊപ്പം കിടക്കയും വായിക്കാൻ പുസ്തകങ്ങളും സ്വന്തം വസ്ത്രങ്ങൾ ധരിക്കാൻ അനുമതിയും വേണമെന്നാവശ്യപ്പെട്ട് കർണാടക ഹൈക്കോടതി മുൻപാകെയാണ് ദർശൻ ഹർജി നൽകിയത്. നിലവിൽ ബെംഗളുരു പരപ്പന അഗ്രഹാര ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് നടൻ.

ദർശൻ കൊലപാതകക്കുറ്റം ചുമത്തിയ വിചാരണത്തടവുകാരനായതിനാൽ നിലവിലുള്ള ജയിൽ ചട്ടങ്ങൾ അനുസരിച്ച് മറ്റ് തടവുകാർക്ക് തുല്യമായി പരിഗണിക്കാനാവില്ലെന്ന് പോലിസ് വാദിച്ചു. ഇത്തരം തടവുകാർക്ക് അവരുടെ സ്വന്തം വസ്ത്രങ്ങൾ, കിടക്കകൾ, പാദരക്ഷകൾ എന്നിവ കൈവശം വെക്കാൻ അനുവാദമില്ലെന്നും പോലീസ് പറയുന്നു.

ഹർജിക്കാരൻ ആരോ​ഗ്യപ്രശ്നങ്ങളെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ ഹർജിയിൽ അദ്ദേഹത്തിൻ്റെ അവകാശവാദത്തെ സാധൂകരിക്കുന്ന ഒരു രേഖയും ഹാജരാക്കിയിട്ടില്ലെന്നും പോലീസ് അറിയിച്ചു. അതേസമയം, ദർശൻ്റെ ജൂഡിഷ്യൽ കസ്റ്റഡി ഓ​ഗസ്റ്റ് ഒന്നുവരെ നീട്ടിയിട്ടുണ്ട്.

രേണുകാ സ്വാമി എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് കന്നഡ സൂപ്പർ താരം ദർശനെ പോലീസ് അറസ്റ്റ് ചെയ്തത്. ദർശന്റെ സുഹൃത്തും നടിയുമായ പവിത്ര ​ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലാണ് കൊലപാതകമെന്നാണ് പോലീസ് വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *