വിശ്വാസ വഞ്ചന നേരിട്ടതിനാലാണ് മലയാള സിനിമാ രം​ഗത്ത് നിന്നും പുറത്ത് വന്നത്: ഷക്കീല

ബി ​ഗ്രേസ് സിനിമകളിലൂടെ മലയാളത്തിലെ മാദക നടിയായി ഒരു കാലത്ത് അറിയപ്പെട്ട ഷക്കീല പിന്നീട് ഇത്തരം സിനിമകളിൽ അഭിനയിക്കുന്നത് നിർത്തി. എന്നാൽ വർഷങ്ങൾക്കിപ്പുറവും പഴയ പ്രതിച്ഛായയിലാണ് പലരും ഷക്കീലയെ കാണുന്നത്. കുടുംബത്തിലെ സാഹചര്യം കൊണ്ടാണ് ഇത്തരം സിനിമകളിൽ അഭിനയിക്കേണ്ടി വന്നതെന്ന് ഷക്കീല തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ തമിഴ് ഷോകളിലും മറ്റും ഷക്കീല സാന്നിധ്യം അറിയിക്കാറുണ്ട്.

മലയാള സിനിമയിൽ നിന്നും മാറി നിൽക്കാൻ തീരുമാനിച്ച ഘട്ടത്തെക്കുറിച്ച് ഓർത്തെടുക്കുകയാണ് ഷക്കീലയിപ്പോൾ. എത്ര മലയാള സിനിമകൾ ചെയ്തു എന്നറിയില്ല. പക്ഷെ സിനിമാ തിയറ്ററുകൾ കല്യാണ മണ്ഡപമാക്കിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് തന്റെ സിനിമകൾ തിയറ്ററുകളെയും നിർമാതാക്കളെയും രക്ഷിച്ചതെന്ന് ഷക്കീല. ഒരു അഭിമുഖത്തിലാണ് അവർ തുറന്ന് സംസാരിച്ചത്.

താരങ്ങൾ നാല് കോടി രൂപയ്ക്ക് ഒരു സിനിമ ചെയ്യുന്നു. നമ്മൾ പതിനാല് ലക്ഷം രൂപ മുടക്കി ആഴ്ചയിൽ ഒരു സിനിമ പുറത്തിറക്കുന്നു. അവർ അത്ര വലിയ സിനിമ ചെയ്ത് നഷ്ടമായാൽ കഷ്ടമല്ലേ എന്നാണ് എനിക്ക് തോന്നിയതെന്ന് ഷക്കീല പറഞ്ഞു. അതേസമയം മമ്മൂ‌ട്ടി മോഹൻലാൽ ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങൾ നിങ്ങളു‌ടെ സിനിമ റിലീസ് ചെയ്യാതിരിക്കാൻ ശ്രമങ്ങൾ നട‌ത്തിയില്ലേ എന്ന ചോദ്യത്തിന് അതെയെന്ന് ഷക്കീല മറുപടി നൽ‌കി.

നിങ്ങൾ പറഞ്ഞവരും പറയാത്തവരും ഉൾപ്പെടെ ഒരുപാട് പേരുണ്ട്. നായകൻമാരാണ്. അവർ ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. ഏത് മന്ത്രിയാേടാണ് സംസാരിച്ചതെന്ന് വരെ എനിക്കറിയാം. പക്ഷെ തന്നെ തടഞ്ഞിട്ടൊന്നുമില്ല. ഇരുപത്തിമൂന്നോളം സിനിമകൾക്ക് സെൻസർ കൊടുക്കാതെ വെച്ചു. എന്നെ വെച്ച് സിനിമയെടുക്കുന്നവർ വലിയ പണക്കാരല്ല. സെൻസർ കൊ‌ടുക്കാതിരുന്നാൽ അവർ പ്രതിസന്ധിയിലാകും.

അവർ ബുദ്ധിമുട്ടേണ്ടെന്ന് കരുതിയും വിശ്വാസ വഞ്ചന നേരിട്ടതിനാലുമാണ് മലയാള സിനിമാ രം​ഗത്ത് നിന്നും പുറത്ത് വന്നതെന്നും ഷക്കീല വ്യക്തമാക്കി. ഒരു സിനിമയിൽ ഒരുപാട് കഷ്‌ടപ്പെട്ട് സ്വാമിനിയുടെ വേഷം ചെയ്തു. മേക്കപ്പ്മാനോട് ആ സിനിമ കണ്ട് വരാൻ പറഞ്ഞു. അമ്മാ, നീ അഭിനയിച്ചതൊന്നും അതിൽ ഇല്ല സ്ത്രീകൾ തുണിയില്ലാതെ ഓടുന്നതാണ് സിനിമയിലെന്ന് മേക്കപ്പ്മാൻ പറഞ്ഞു. ഇതോടെ താൻ പത്രസമ്മേളനം വിളിച്ച് മലയാള സിനിമകൾ ചെയ്യുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നെന്നും ഷക്കീല വ്യക്തമാക്കി.

കു‌ടുംബം തന്നെ വഞ്ചിക്കുകയായിരുന്നെന്നും ഷക്കീല അഭിമുഖത്തിൽ തുറന്ന് പറഞ്ഞു. അമ്മ എനിക്ക് കുടുംബ ജീവിതം നൽകാനൊന്നും ശ്രമിച്ചില്ല. എന്നെ ഇങ്ങനെ തന്നെ വെച്ചു. എന്നും ആരുടെയെങ്കിലും നിഴലിലായിരുന്നു ഞാൻ. ഇന്നും ആരെങ്കിലുമൊക്കെ ഒപ്പം വേണം. അടുത്തിടെ സഹോദരന്റെ മകൾ തനിക്കെതിരെ സംസാരിച്ചതിന് പിന്നിൽ തന്റെ ചേച്ചിയാണെന്ന് കരുതുന്നെന്നും ഷക്കീല തുറന്നടിച്ചു. ചേച്ചിയെ നേരിട്ട് കണ്ട് സംസാരിച്ചേ പറ്റൂ എന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതിന്റെ പേരിൽ അവരുണ്ടാക്കിയ പ്രശ്നമാണിതെന്ന് താൻ കരുതുന്നെന്നും ഷക്കീല തുറന്ന് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *