വിവാഹിതരാകാൻ ഒരുങ്ങി സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയും; തീയതി നിശ്ചയിച്ചു

താരവിവാഹങ്ങൾക്ക് നിരന്തരം സാക്ഷ്യത്വം വഹിക്കുകയാണ് ബോളിവുഡ്. യുവതാരങ്ങളായ സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയുമാണ് ഈ പട്ടികയിലെ പുതിയ അം​ഗങ്ങൾ. ഈ മാസം രാജസ്ഥാനിലെ ജയ്സാൽമീറിൽ നടക്കുന്ന ചടങ്ങിൽ തങ്ങൾ വിവാഹിതരാവുമെന്ന് ഇരുവരും ദേശീയമാധ്യമങ്ങളോട് പ്രതികരിച്ചു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്.

ഫെബ്രുവരി 4,5 തീയതികളിൽ സൂര്യ​ഗഢ് ഹോട്ടലിലാണ് വിവാഹച്ചടങ്ങുകൾ നടക്കുക. ഥാർ മരുഭൂമിയിലേക്കുള്ള കവാടം എന്നാണ് ഇവിടം അറിയപ്പെടുന്നത്. സുഹൃത്തുക്കളും ബന്ധുക്കളുമടക്കം വളരെ കുറച്ചുപേരാണ് ചടങ്ങിൽ പങ്കെടുക്കുക. മുമ്പ് വിക്കി കൗശലും കത്രീന കൈഫും വിവാഹിതരായതും സമാനമായ വിശേഷണമുള്ള പ്രത്യേകവേദിയിലായിരുന്നു.

നേരത്തേ തന്നെ ഇരുവരും പ്രണയിത്തിലാണെന്നുള്ള അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഏറെ നാളുകളായി ഇവർ ഒരുമിച്ചാണ്. എന്നാൽ സിദ്ധാർത്ഥോ കിയാരയോ ഇതുവരെ പ്രണയത്തെ കുറിച്ചോ വിവാഹത്തെ കുറിച്ചോ യാതൊരുവിധ സ്ഥിരീകരണവും നടത്തിയിരുന്നില്ല. തന്റെ പുതിയ ചിത്രമായ ‘മിഷൻ മജ്നു’വിന്റെ റിലീസിനോട് അനുബന്ധിച്ച് നടന്ന പത്രസമ്മേളനത്തിൽ പോലും വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും സിദ്ധാർത്ഥ് ഒഴിഞ്ഞുമാറുകയായിരുന്നു.

2020ൽ പുറത്തിറങ്ങിയ ‘ഷെർഷാ’ എന്ന ചിത്രത്തിൽ സിദ്ധാർഥും കിയാരയും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. രാം ചരൺ തേജയെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്യുന്ന തമിഴ്-തെലുങ്ക് ചിത്രമാണ് കിയാരയുടേതായി വരാനിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *