സിനിമാ താരങ്ങളെയാണ് ഫാഷന്റെ കാര്യത്തിൽ പ്രേക്ഷകർ ഫോളോ ചെയ്യുന്നത്. അതിൽ ഭൂരിഭാഗവും യൂത്താണ്. അടുത്തിടെയായി സ്റ്റൈലിഷ് വസ്ത്രധാരണത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെടുന്ന അഭിനേത്രിയാണ് അനശ്വര രാജൻ. പ്രമോഷൻസിന് എത്തുമ്പോൾ ധരിക്കുന്ന വസ്ത്രങ്ങൾ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ അനശ്വര ഒരുപടി മുന്നിലാണ്.
സിംപിൾ ലുക്കിൽ പോലും സ്റ്റൈലിഷായി എത്താൻ അനശ്വരയ്ക്ക് അറിയാം. ബാലതാരമായി സിനിമയിലേക്ക് എത്തിയ അനശ്വര മോഡേൺ, ട്രെഡീഷണൽ, റെട്രോ തുടങ്ങി എല്ലാ ലുക്കും പരീക്ഷിക്കുന്നയാളാണ്. നായികയായി അഭിനയിച്ച് തുടങ്ങിയ കാലത്ത് ഷോട്സ് ധരിച്ച് നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചതിന് വലിയ രീതിയിലുള്ള സൈബർ ആക്രമണം അനശ്വര നേരിട്ടിരുന്നു.
സൈബര്‍ ആക്രമണം നേരിട്ടപ്പോൾ നടി നൽകിയ മറുപടിക്കുശേഷം വീ ഹാവ് ലെഗ്സ് എന്ന വലിയ മൂവ്മെന്റും നടന്നിരുന്നു. ആ സംഭവത്തിനുശേഷം തനിക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിന് മറ്റാരുടെയും അനുവാദത്തിന് അനശ്വര കാത്ത് നിൽക്കാറില്ല. ചിലപ്പോഴൊക്കെ വലിയ രീതിയിൽ വിമർശനങ്ങൾ വരാറുണ്ടെങ്കിലും പ്രതികരിക്കാൻ നിൽക്കാതെ മുന്നോട്ട് പോവുക എന്നതാണ് അനശ്വരയുടെ രീതി. ഇടയ്ക്ക് ബോൾഡ് ഫോട്ടോഷൂട്ടുകൾ നടത്തിയും സൈബർ ആക്രമണങ്ങൾക്ക് അനശ്വര മറുപടി നൽകാറുണ്ട്. പൊതുവെ മുൻനിര നായികമാർക്ക് ഫങ്ഷനുകളിൽ പങ്കെടുക്കാനായി വസ്ത്രങ്ങൾ പ്രത്യേകം പേഴ്സണൽ സ്റ്റൈലിസ്റ്റോ അല്ലെങ്കിൽ ഏതെങ്കിലും വസ്ത്ര വ്യാപാര സ്ഥാപനമോ ഫാഷൻ ഡിസൈനറോ നൽകുകയാണ് ചെയ്യാറുള്ളത്.
എന്നാൽ പ്രമോഷൻസിന് എത്തുമ്പോൾ താൻ ധരിക്കുന്ന വസ്ത്രങ്ങൾ ഏറെയും തന്റെ വാഡ്രോബ് കലക്ഷനിൽ ഉള്ളതാണെന്നും സ്റ്റൈലിസ്റ്റിനെ വെച്ച് ചെയ്യാനുള്ള സാവകാശം പലപ്പോഴും കിട്ടാറില്ലെന്നും അനശ്വര പറയുന്നു. പൈങ്കിളി സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അനശ്വര. പ്രമോഷൻസിന് വരുമ്പോൾ ധരിക്കുന്ന വസ്ത്രങ്ങളെല്ലാം എന്റെ വാർഡ്രോബ് കലക്ഷനിൽ നിന്നുള്ളതാണ്.
എന്റെ വാർഡ്രോബിൽ ഉള്ളതെന്താണോ അത് എടുത്തിടുന്നുവെന്ന് മാത്രം. അപ്പോൾ കാണുന്നത് എടുത്തിടുന്നു. അല്ലാതെ സ്റ്റൈലിങ് ആയിട്ടൊന്നും ഞാൻ എടുക്കാറില്ല. പ്രമോഷൻസിന് വരുമ്പോൾ ധരിക്കുന്നതിൽ ചിലതൊക്കെ ഫ്രണ്ട്സിന്റെ കലക്ഷനിൽ ഉള്ളതിൽ നിന്നും എടുത്തിടുന്നതാണ്. അവരുടെ കയ്യിൽ നിന്നും എടുത്തുകൊണ്ട് വരുന്നതാണ്. ചില സമയങ്ങളിൽ മാത്രമെ കോസ്റ്റ്യൂം ഡിസൈനറുള്ളു.
പ്രമോഷനായി കോളേജ് വിസിറ്റൊക്കെ നമ്മൾ പെട്ടന്ന് പ്ലാൻ ചെയ്യുന്നതാണ്. നാളെയോ മറ്റന്നാളോ ആണ് പ്രമോഷനെങ്കിൽ ഉള്ളതിൽ ഏതേലും എടുത്തിടും അത്രമാത്രം എന്നാണ് അനശ്വര പറഞ്ഞത്. മലയാളി ഫ്രം ഇന്ത്യ എന്ന സിനിമയുടെ പ്രമോഷനായി എത്തിയപ്പോൾ ധരിച്ച വസ്ത്രത്തിന്റെ പേരിലും അനശ്വര വിമർശനം നേരിട്ടിരുന്നു. മുട്ടിന്റെ ഭാഗത്ത് സ്ക്രാച്ചുള്ള ജീൻസും ഷർട്ടുമായിരുന്നു നടി ധരിച്ചത്. ജീൻസിനെയാണ് പലരും വിമർശിച്ചത്.